മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Saturday, 4 December 2010

ലഷ്‌കര്‍ ഭീഷണി:

ലഷ്‌കര്‍ ഭീഷണി: രാജ്യത്തുടനീളം ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനാല്‍ പുതുവത്സരത്തിനു മുന്നോടിയായി രാജ്യത്തുടനീളം കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്കി. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തകര്‍ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ എത്തിക്കഴിഞ്ഞതായും ഏതു നിമിഷവും ആക്രമണമുണ്ടായേക്കാമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്കിയത്.

മുംബൈ, അഹമ്മദാബാദ്, ഗോവ, ബാംഗ്ലൂര്‍ നഗരങ്ങള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ജാഗ്രതാനിര്‍ദേശം നല്കിയിരിക്കുന്നത്. മുംബൈയിലെ ചില സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടുവീടാന്തരം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തിരക്കുള്ള മാര്‍ക്കറ്റുകള്‍, ദേവാലയങ്ങള്‍, ബസ്-റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഐ.ടി. ഹബായ ബാംഗ്ലൂര്‍, വിനോദസഞ്ചാര പ്രാധാന്യമുള്ള ഗോവ എന്നിവിടങ്ങളും ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയും അഹമ്മദാബാദും മുമ്പ് നിരവധി തവണ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.






കെ.ജി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശവുമായി കൃഷ്ണയ്യര്‍

madhyamam
കെ.ജി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശവുമായി കൃഷ്ണയ്യര്‍
കൊച്ചി: മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനോട്  മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍സ്ഥാനം  രാജിവെക്കാന്‍ രാഷ്ട്രപതി ആവശ്യപ്പെടണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍.  അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ 'ബാലകൃഷ്ണന്‍ കമീഷന്‍' എന്ന പേരില്‍ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിക്കാന്‍ പ്രധാനമന്ത്രിയും പാര്‍ലമെന്റും തയാറാകണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് എത്തിച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ബാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ നീതിന്യായ സംവിധാനങ്ങള്‍ക്കുമാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും കളങ്കമായി മാറിയിരിക്കുകയാണെന്നും പ്രസ്താവനയില്‍ കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു.
നീതിന്യായ-സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ സമത്വവും മനുഷ്യാവകാശ സംരക്ഷണവുമാണ്  ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്നത്.   കെ.ജി. ബാലകൃഷ്ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയപ്പോള്‍ രാജ്യത്തെ ഏറ്റവും താഴേതട്ടിലുള്ള ജനവിഭാഗത്തില്‍ നിന്ന് ഒരാള്‍ നീതിന്യായ വ്യവസ്ഥയുടെ ഉന്നത പീഠത്തില്‍ എത്തിയതില്‍ എല്ലാവരും സന്തോഷിച്ചു. അതുകൊണ്ടാണ് സുപ്രീംകോടതിയില്‍ 'ബാലകൃഷ്ണന്‍ യുഗം' ആരംഭിച്ചുവെന്ന് താന്‍ വിശേഷിപ്പിച്ചത്.
എന്നാല്‍, ബാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നവയായിരുന്നു. സാമൂഹിക-മതേതര-ജനാധിപത്യ പ്രതിബദ്ധതകള്‍ പരിശോധിക്കാതെയുള്ള ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചും സംശയമുയര്‍ന്നു. അഴിമതിയും സ്വജനപക്ഷപാതവും സംബന്ധിച്ച ആരോപണങ്ങളുമുണ്ടായി. മന്ത്രി രാജ നടത്തിയ ഹിമാലയന്‍ അഴിമതികള്‍ സംബന്ധിച്ച വിവാദത്തിലും ഈ ഊഹാപോഹങ്ങള്‍ വ്യാ പകമായി. രാജയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ച് താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കത്തെഴുതിയിരുന്നതായി സുപ്രീം കോടതിയിലെ മികച്ച ന്യായാധിപരിലൊരാളായ ഗോഖലെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കത്തുകിട്ടിയെന്ന് സമ്മതിച്ച ബാലകൃഷ്ണന്‍, കത്തില്‍ രാജയുടെ പേര് ഇല്ലായിരുന്നുവെന്നാണ് പറഞ്ഞത്. ഈ നിലപാട് കൂടുതല്‍ അന്വേഷണം ആവശ്യമുള്ളതാണ്. ഇപ്പോള്‍, അദ്ദേഹത്തിന്റെ മരുമകനും മകളും ദുരൂഹ സാഹചര്യങ്ങളില്‍ സ്വത്ത് വാരിക്കൂട്ടിയ കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നു. ചീഫ് ജസ്റ്റിസുമായുള്ള ബന്ധം ഇതിന് സഹായകമായെന്ന പരോക്ഷ സൂചനകള്‍ കൂടുതല്‍ അന്വേഷ ണം ആവശ്യപ്പെടുന്നതാണ്.
ജഡ്ജിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പെര്‍ഫോര്‍മന്‍സ് കമീഷനെ നിയമിക്കണമെന്ന അഭിപ്രായത്തിന് ഈ സാഹചര്യത്തില്‍ പ്രസക്തിയേറുകയാണ്. ജഡ്ജിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതിയുള്ള സാധാരണ ജനങ്ങള്‍ക്ക് ഈ കമീഷനെ സമീപിക്കാന്‍ സാഹചര്യമുണ്ടാകണം. ഒരു സുപ്രീംകോടതി ജഡ്ജിയും രണ്ട് ഹൈകോടതി ചീഫ് ജസ്റ്റിസുമാരും ഉള്‍പ്പെട്ടതാകണം ഈ കമീഷന്‍.
സമിതി നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന്  കണ്ടെത്തുന്ന ജഡ്ജിമാരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കുന്നതടക്കം ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. രാജ്യ ത്തെ നീതിന്യായ സംവിധാനം നിഷ്പക്ഷവും അഴിമതി രഹിതവുമാണെന്ന് ഉറപ്പുവരുത്താന്‍ ദേശീയ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജസ്റ്റിസ്. ബാലകൃഷ്ണന്റെ മരുമകനു മായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് പ്രതികരണമാരാഞ്ഞ് തിങ്കളാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴും, കൃഷ്ണയ്യര്‍  വേദനയോടെയും രൂക്ഷമായുമാണ്  പ്രതികരിച്ചത്.  മുന്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒരു ജഡ്ജി ആണെന്ന് പറയാന്‍ പോലും തനിക്ക് മടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




ലീഡര്‍ക്ക് യാത്രാമൊഴി
Mathrubhumi




തൃശൂര്‍: പതിനായിരക്കണക്കിന് അനുയായികളുടെയും ആരാധകരുടേയും അന്ത്യോപചാരം ഏറ്റുവാങ്ങി കേരളത്തിന്റെ പ്രിയപ്പെട്ട 'ലീഡര്‍' ജ്വലിക്കുന്ന ഓര്‍മ്മയായി. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ ഭൗതികദേഹം പൂര്‍ണ്ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ ഹൈന്ദവാചാര പ്രകാരം തൃശൂരിലെ വസതിയില്‍ സംസ്‌കരിച്ചു. തേങ്ങലടക്കിപ്പിടിച്ച ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും സാക്ഷിനിര്‍ത്തി മകന്‍ കെ. മുരളീധരന്‍ ചിതയ്ക്ക് തീകൊളുത്തി.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, കേന്ദ്രമന്ത്രി ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായി തുടങ്ങിയവര്‍ തൃശൂര്‍ ടൗണ്‍ഹാളിലെത്തി കരുണാകരന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചശേഷം പ്രധാനമന്ത്രി മക്കളായ മുരളീധരനേയും പത്മജയെയും മറ്റ് കുടുംബാംഗങ്ങളെയും സമാശ്വസിപ്പിച്ചു.



ടൗണ്‍ഹാളില്‍ പത്തു മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ചെലവിട്ടത്. പ്രതികൂല കാലാവസ്ഥ കാരണം നേരത്തെ നിശ്ചയിച്ചയില്‍ നിന്ന് രണ്ടു മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും കെ.വി. തോമസും അദ്ദേഹത്തെ സ്വീകരിക്കാനെത്തി.



പ്രധാനമന്ത്രി മടങ്ങിയതോടെ കരുണാകരന്റെ മൃതദേഹം ഡി.സി.സി. ആസ്ഥാനമായ കെ.കരുണാകരന്‍ സപ്തതി സ്മാരക മന്ദിരത്തിലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് പൂങ്കുന്നത്തെ മുരളിമന്ദിരത്തില്‍ എത്തിച്ചു. ആറു മണിക്കൂര്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരമര്‍പ്പിച്ചത്.

കേന്ദ്രമന്ത്രിമാരായ ഏ.കെ. ആന്റണി, ഇ. അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി കെ.പി. രാജേന്ദ്രന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടറും സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റുമായ എം.പി.വീരേന്ദ്രകുമാര്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.

രാവിലെ മുതല്‍ തന്നെ ടൗണ്‍ഹാളിന് മുന്നില്‍ പ്രവര്‍ത്തകരുടെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. ഒടുവില്‍ പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഉച്ചയ് ഒന്നരയോടെ പൊതുജനങ്ങളെ ടൗണ്‍ഹാളിലേയ്ക്ക് പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവച്ചു. അപ്പോഴും ആയിരക്കണക്കിന് ആളുകള്‍ എരിവെയില്‍ വകവയ്ക്കാതെ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.



കര്‍മചൈതന്യം കൊണ്ട് നാടിന്റെ ഉള്ളറിഞ്ഞ കെ.കരുണാകരന്റെ അന്ത്യയാത്ര ജനഹൃദയത്തില്‍ കൂടിയായിരുന്നു. നെഞ്ചുപൊട്ടി കരഞ്ഞവര്‍, ദുഃഖം സഹിക്കാതെ മുദ്രാവാക്യം വിളിച്ചവര്‍....വിലാപയാത്രയ്ക്ക് അശ്രുപൂക്കള്‍ കൊണ്ട് അവര്‍ പാതയൊരുക്കി. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളാണ് ലീഡര്‍ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയത്. രാഷ്ട്രീയ എതിരാളികളെ കൗശലപൂര്‍വം നേരിട്ടതുപോലെ പലകാലം, പലവിധം രോഗത്തെയും കബളിപ്പിച്ച് ജീവിതത്തിന്റെ തിരക്ക് ആസ്വദിച്ച കെ.കരുണാകരന്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരത്ത് അന്തരിച്ചത്.

വ്യാഴാഴ്ച രാത്രി അദ്ദേഹത്തിന്റെ വസതിയായ നന്തന്‍കോട് കല്യാണിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അവിടെയും ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കരുണാകരന്റെ മൃതദേഹം കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിച്ചത്.

പത്തരയോടെ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, ജി.കെ.വാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൃതദേഹം സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവരും ആയിരക്കണക്കിന് ജനങ്ങളും അന്ത്യോപചാരമര്‍പ്പിച്ചശേഷം രണ്ടുമണിയോടെ വിലാപയാത്രയായി തൃശ്ശൂര്‍ക്ക് കൊണ്ടുപോയി.



വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിക്കൂര്‍ കൊണ്ടാണ് കൊല്ലത്തെത്തിയത്. കെ.എസ്.ആര്‍.ടി.സിയുടെ അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. മുരളീധരനും പത്മജയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മൃതദേഹത്തിനരികിലുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ തൃശ്ശൂര്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മാത്രമാണ് അതിനുകഴിഞ്ഞത്.

വഴിയോരത്ത് കാത്തുനിന്ന പതിനായിരക്കണക്കിന് സാധാരണ ജനങ്ങള്‍ വിതുമ്പിക്കൊണ്ടാണ് ലീഡര്‍ക്ക് യാത്രാമൊഴി ചൊല്ലിയത്. മിക്കയിടത്തും മനുഷ്യച്ചങ്ങല പോലെ ജനം വിലാപയാത്ര കാത്തുനിന്നു. പൈലറ്റ് വാഹനത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റ് കേട്ടപ്പോള്‍ 'ലീഡര്‍ അമര്‍ രഹെ' എന്ന മുദ്രാവാക്യമുയര്‍ന്നു. നൂറോളം വരുന്ന വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ നഗരപ്രാന്തങ്ങള്‍ മൂകമായി. മിക്കപട്ടണങ്ങളിലും ജനങ്ങള്‍ സ്വയം പ്രഖ്യാപിത ഹര്‍ത്താല്‍ ആചരിച്ചു.

പ്രധാനസ്ഥലങ്ങളില്‍ മാത്രം വാഹനം നിര്‍ത്താമെന്ന തീരുമാനത്തെ ജനം മാറ്റിമറിക്കുകയായിരുന്നു. 7. 15 ഓടെ കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, കുത്തിയതോട്, വൈറ്റില, കളമശ്ശേരി, അത്താണി, അങ്കമാലി തുടങ്ങിയയിടങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിര്‍ത്തിയശേഷമാണ് വിലാപയാത്ര ശനിയാഴ്ച പുലര്‍ച്ചെയോടെ തൃശ്ശൂരെത്തിയത്.



വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ സവിശേഷസ്ഥാനമുള്ള ജനങ്ങളുടെ സ്വന്തം ലീഡര്‍ക്ക് ഇനി ഭാര്യ കല്യാണിക്കുട്ടിയമ്മയ്‌ക്കൊപ്പം അന്ത്യവിശ്രമം.





തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി ജനനായകന്റെ വിലാപയാത്ര തൃശ്ശൂരിലേയ്ക്ക് നീങ്ങുന്നു. 'കല്യാണി'യിലേയും ഇന്ദിരാ ഭവനിലേയും ഡര്‍ബാര്‍ ഹാളിലേയും പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ദേഹം വഹിച്ചുള്ള വിലാപയാത്ര ദേശീയപാത വഴി കരുണാകരന്റെ രാഷ്ട്രീയ തട്ടകമായ തൃശ്ശൂരിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു സ്ഥലത്തും സമയത്ത് എത്തിച്ചേരാന്‍ കഴിയാഞ്ഞ വിലാപയാത്ര മൂന്ന് മണിക്കൂര്‍ വൈകിയാണ് കൊല്ലത്തെ പീരങ്കി മൈതാനത്തെത്തിയത്. നേരത്തെ ഇവിടെ അര മണിക്കൂര്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കഷ്ടിച്ച് പത്ത് മിനിറ്റ് മാത്രമാണ് ഭൗതികശരീരം വഹിച്ച വാഹനം മൈതാനത്ത് നിര്‍ത്തിയത്. നേതാവിന് യാത്രമൊഴി നല്‍കാനെത്തിയ ആയിരങ്ങളെ ഇത് നിരാശരാക്കി. ഇപ്പോള്‍ തന്നെ സമയം വൈകിയതിനാലും ഏത്രയും പെട്ടെന്ന് തൃശ്ശൂരിലെത്തേണ്ടതുള്ളതിനാലും എല്ലാവരും സഹകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഇനി ആലപ്പുഴ ടൗണ്‍ഹാള്‍, എറണാകുളം, വൈറ്റില എന്നിവിടങ്ങളിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുക.

ശനിയാഴ്ച തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശനിയാഴ്ച കേരളത്തിലെത്തും. പൂങ്കുന്നത്ത് കരുണാകരന്റെ വസതിയായ മുരളീമന്ദിരത്തിന്റെ വളപ്പില്‍ പത്‌നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് സമീപത്തായിരിക്കും ശനിയാഴ്ച ഉച്ചയോടെ കരുണാകരനും ചിതയൊരുങ്ങുക.

ഇന്ദിര കുടുംബവുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെ. കരുണാകരന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ടെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സോണിയയെ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. അവിടെ നിന്ന് സോണിയ കാര്‍ മാര്‍ഗം നേരെ ഇന്ദിരാഭവനിലെത്തി. ആഭ്യന്തര മന്ത്രി പി. ചിദംബരവും സോണിയയെ അനുഗമിച്ചു. 10.20 ഓടെ കെ.പി.സി.സി ആസ്ഥാനത്തെത്തിയ സോണിയയും ആഭ്യന്തരമന്ത്രി പി ചിദംബരവും കരുണാകരന്റെ ഭൗതികശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കരുണാകരന്റെ മക്കളായ കെ മുരളീധരനുമായും പത്മജ വേണുഗോപാലുമായി സംസാരിച്ച സോണിയ ഇരുവരേയും അനുശോചനം അറിയിച്ചു. തുടര്‍ന്ന് അഞ്ച് മിനിറ്റിന് ശേഷം സോണിയയും ചിദംബരവും ഇന്ദിരഭവനില്‍ നിന്ന് മടങ്ങി.

സോണിയ മടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആദാരഞ്ജലി അര്‍പ്പിക്കാനായി അനുമതി നല്‍കിയതോടെ ഇന്ദിരഭവനില്‍ ജനപ്രളയമായി. തിക്കും തിരക്കും നിയന്ത്രിക്കാന്‍ നേതാക്കള്‍ പാടുപെട്ടു. ഒരു മണിക്കൂര്‍ നേരം ഇന്ദിരഭവനില്‍ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി കിടത്തിയ മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വിലാപയാത്ര തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.

രാവിലെ 8.20 ഓടെയാണ് മൃതദേഹം കല്യാണിയില്‍ നിന്നും പുറത്തേക്കെടുത്തത്. എട്ടേകാലോടെ കല്യാണിയില്‍ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സമയം നിയന്ത്രിച്ചപ്പോഴും നൂറുകണക്കിന് ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ പുഷ്പാലങ്കൃതമായ പ്രത്യേക വാഹനത്തിലാണ് മൃതദേഹം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിച്ചത്.

കേരളരാഷ്ട്രീയത്തിലെ അതികായനും കോണ്‍ഗ്രസ്സിലെ ഭീഷ്മതുല്യനുമായ കെ. കരുണാകരന്‍ വ്യാഴാഴ്ച വൈകിട്ട് 5.30-നാണ് വിടവാങ്ങിയത്. ഒരു പുരുഷായുസ്സുമുഴുവന്‍ കര്‍മനിരതമായിരുന്നു ആ ജീവിതം. പലകുറി മാടിവിളിച്ചിട്ടും മരണത്തിന് പിടികൊടുക്കാതെ നിന്നു. ഒടുവില്‍ 93-ാം വയസ്സില്‍ യാത്രാമൊഴി ചൊല്ലി. മക്കളായ കെ. മുരളീധരന്‍, പദ്മജ, മരുമക്കളായ വേണുഗോപാല്‍, ജ്യോതി, സഹോദരന്‍ ദാമോദരമാരാര്‍ എന്നിവരും കൊച്ചുമക്കളും അടുത്തുണ്ടായിരുന്നു.

ചരിത്രമായി ലീഡര്‍



തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (93) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച കാലത്ത് പൂങ്കുന്നത്തെ വീട്ടുവളപ്പില്‍ നടക്കും.

കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ട പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു. മരണസമയത്ത് മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും സമീപത്തുണ്ടായിരുന്നു.

ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. അതിന് മുന്‍പ് 1948ല്‍ ഒല്ലൂക്കരയില്‍ നിന്ന് പ്രജാ മണ്ഡലത്തിലേയ്ക്കും 1954ല്‍ മണലൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലുമെത്തി. 1996ല്‍ തൃശൂരില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വി.

കണ്ണൂര്‍ ചിറക്കല്‍ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്ല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലായ് അഞ്ചിനായിരുന്നു കരുണാകരന്റെ ജനനം. കണ്ണില്‍ വെള്ളം നിറയുന്ന രോഗംമൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല പഠിക്കാനായി രാഷ്ട്രീയ തട്ടകമായ തൃശൂരിലേയ്ക്ക് പോയത്. തൃശൂര്‍ മഹാരാജ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ പെയിന്റിങ്ങും ഡ്രോയിങ്ങും പാസ്സായി.

1936ല്‍ കോണ്‍ഗ്രസ് അംഗമായ കരുണാകരന്റെ പ്രവര്‍ത്തനരംഗം തൊഴിലാളി പ്രസ്ഥാനമായിരുന്നു. 1942 ല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1945 ല്‍ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. ഐ. എന്‍.ടി.യു.സി.യുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായ കരുണാകരന്‍ 1960ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായി. കേരളപ്പിറവിക്ക് ശേഷം നിയമസഭയിലേക്ക് മത്സരിച്ച കരുണാകരന്‍ എ.ആര്‍ മേനോനോട് തോറ്റു. 1969ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി.

1971ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരനായിരുന്നു ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാണ്‍. 1977 മാര്‍ച്ച് 25നാണ് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒരു മാസത്തിന് ശേഷം ഏപ്രില്‍ 25ന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പിന്നീട് 81 ഡിസംബര്‍ 28ന് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തി. മന്ത്രിസഭ നിലംപതിച്ചതിനെ തുടര്‍ന്ന് 1982 മെയ് 24ന് മൂന്നാം തവണയും മുഖ്യമന്ത്രി പദവിയിലെത്തി.

1991 ല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ജൂണ്‍ 24ന് നാലാം തവണയും മുഖ്യമന്ത്രി കസേരയില്‍ അവരോധിതനായി. 1992 ലാണ് കരുണാകരന്റെ രാഷ്ട്രീയ ജീവിതം ഏറ്റവും പരീക്ഷണങ്ങള്‍ നേരിട്ടത്. വ്യക്തിപരമായും സംഘടനാപരമായും ലീഡര്‍ അഗ്നിപരീക്ഷകളെ നേരിട്ടു. 1992 ജൂണ്‍ മൂന്നിന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരുണാകരന്‍ വിദഗ്ധ ചികിത്സാര്‍ഥം വിദേശത്തേക്ക് പോയി. ആ സമയത്താണ് ഐ ഗ്രൂപ്പില്‍ നടന്ന വിപ്ലവത്തില്‍ കരുണാകരന് രാഷ്ട്രീയ രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയതിന്റെ മുറിവുണങ്ങും മുമ്പ് തന്നെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവവുമുണ്ടായി. 1993 മാര്‍ച്ച് 25ന് ഭാര്യ കല്യാണിക്കുട്ടിയുടെ വേര്‍പാട് കരുണാകരന് താങ്ങാവുന്നതിലധികമായി. ഗ്രഹപ്പിഴകള്‍ അവസാനിച്ചില്ല.

1995 മാര്‍ച്ച് 16ന് ഐ.എസ്ആര്‍.ഒ ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനുശേഷം രാജ്യസഭയിലെത്തി. ജൂണ്‍ 10ന് അദ്ദേഹം കേന്ദ്ര വ്യവസായ വകുപ്പില്‍ കാബിനറ്റ് മന്ത്രിയായി. രാജ്യസഭാ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തന്റെ രാഷ് ട്രീയം തട്ടകമായ തൃശൂരിലാണ് കരുണാകരന്‍ വിശ്വാസം അര്‍പ്പിച്ചത്. പക്ഷേ കടുത്ത പരീക്ഷണം നേരിട്ട തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് 1480 വോട്ടുകള്‍ക്ക് തോറ്റു. കരുണാകരന്റെ പരാജയം രാഷ്ട്രീയകേരളം ഞെട്ടിയ സംഭവമായിരുന്നു. കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വിയായിരുന്നു ഇത്.

1998ല്‍ തട്ടകം തിരുവനന്തപുരത്തേക്ക് മാറ്റി. സിറ്റിങ് എം.പി കെ.വി സുരേന്ദ്രനാഥിനെ 15,398 വോട്ടുകള്‍ പരാജയപ്പെടുത്തി കരുണാകരന്‍ തിരിച്ചെത്തി. 1999ല്‍ പിന്നെയും മണ്ഡലം മാറി. യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായി കരുതപ്പെട്ട മുകുന്ദപുരമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 50,000 ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ സാക്ഷാല്‍ ഇ.എം.എസിന്റെ മകന്‍ ഇ.എം ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്.

ഇന്ദിരാഗാന്ധിയുടെ വലംകയ്യായി നിലകൊണ്ട കരുണാകരന്‍ പാര്‍ട്ടിയുടെ നിയന്ത്രണം സോണിയ ഗാന്ധിയിലെത്തിയപ്പോള്‍ ഇടക്കാലത്ത് പാര്‍ട്ടിയുമായി തെറ്റി മകന്‍ കെ.മുരളീധരനോടൊപ്പം ഡി.ഐ.സി. രൂപീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച് ഡി.ഐ.സി.സാന്നിധ്യമറിയിച്ചെങ്കിലും ഉറച്ച കോണ്‍ഗ്രസുകാരനായ കരുണാകരന് ഇടതുമുന്നണിയുമായുള്ള ചങ്ങാത്തം അധികകാലം തുടരാനായില്ല. ഡി.ഐ.സി ഒരു രാഷ്ട്രീയ പരാജയമാണെന്ന് തിരിച്ചറിഞ്ഞ കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. അതുവരെ കരുണാകരനൊപ്പം ഉറച്ചുനിന്ന മകന്‍ കെ മുരളീധരന്‍ കരുണാകരനെ രാഷ്ട്രീയത്തില്‍ ആദ്യമായി തള്ളിപ്പറഞ്ഞു.

കരുണാകരനെ ഉപേക്ഷിച്ച് മുരളീധരന്‍ എന്‍.സി.പിക്കൊപ്പം നിലകൊണ്ടു. മുരളിയുടെ മടങ്ങിവരവായിരുന്നു അവസാനകാലത്തും കരുണാകരന്റെ ആഗ്രഹിച്ചിരുന്നത്. മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശത്തിനുള്ള സാഹചര്യങ്ങള്‍ അനുകൂലമാകുകയും പ്രഖ്യാപനം മാത്രം ശേഷിക്കെയാണ് മരണത്തിന്റെ വിളി കരുണാകരനെ തേടിയെത്തിയത്. മരിക്കുമ്പോള്‍ എ.ഐ.സി.സി നിര്‍വാഹക സമിതി അംഗമായിരുന്നു കരുണാകരന്‍.

അന്തരിച്ച കല്ല്യാണിക്കുട്ടി അമ്മയാണ് ഭാര്യ. കെ. മുരളീധരനും കെ.പത്മജയുമാണ് മക്കള്‍. മരുമക്കള്‍: ഡോ. വേണുഗോപാല്‍, ജ്യോതി.

 

 

കേന്ദ്രത്തിലെ ഇടതു മേല്‍ക്കൈ അമേരിക്ക ഭയന്നു -വിക്കിലീക്‌സ്


കേന്ദ്രത്തിലെ  ഇടതു മേല്‍ക്കൈ അമേരിക്ക ഭയന്നു -വിക്കിലീക്‌സ്
ന്യൂദല്‍ഹി: ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ കേന്ദ്രത്തില്‍ മൂന്നാം മുന്നണി വരുന്നത് അമേരിക്കക്ക് ഏറെ ആശങ്ക സൃഷ്ടിച്ചതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. 2009ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ അധികാരത്തില്‍ വരണമെന്നായിരുന്നു യു.എസ് ആഗ്രഹം.  അല്ലാത്തപക്ഷം ഗുരുതരമായ സാഹചര്യമാകും ഉരുത്തിരിയുകയെന്ന് 2009 ഫെബ്രുവരി 12ന് ദല്‍ഹിയിലെ യു.എസ് എംബസി കൈമാറിയ സന്ദേശം വ്യക്തമാക്കി. കോണ്‍ഗ്രസും ബി.ജെ.പിയും ഇല്ലാത്ത മൂന്നാം മുന്നണി സര്‍ക്കാറാണ് വരുന്നതെങ്കില്‍ അതില്‍ ഇടതുപാര്‍ട്ടികളുടെ സ്വാധീനം  കൂടുതലായിരിക്കുമെന്നും അമേരിക്ക ഭയപ്പെട്ടു.
2009 ഏപ്രില്‍-മേയ് മാസത്തിലായിരുന്നു ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ്. അന്നത്തെ യു.എസ് അംബാസഡര്‍ ഡേവിഡ് മല്‍ഫോഡ് തന്നെയാണ്  സന്ദേശം അയച്ചത്. ചെറുകിട പാര്‍ട്ടികളുടെ പതിവില്‍ കവിഞ്ഞ സ്വാധീനം ഇന്ത്യ-യു.എസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം പാര്‍ട്ടികളുടെ സങ്കുചിത അജണ്ടകള്‍ രാജ്യത്തിന്റെ വിദേശകാര്യ നയങ്ങള്‍ക്ക് തുണയാകില്ല.
ഇന്ത്യ-അമേരിക്ക ആണവ കരാര്‍ രാജ്യത്ത് അസാധാരണമായ സംവാദത്തിന് വഴിയൊരുക്കിയതായും മല്‍ഫോഡ് അറിയിച്ചു. എന്നാല്‍, ഈ സംവാദം മയപ്പെടുത്താനും ഉഭയകക്ഷി ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യം ഒരുക്കാനും തങ്ങളുടെ ഇടപെടലുകളിലൂടെ കഴിഞ്ഞു.
തുടര്‍ന്ന് ആണവ കരാര്‍ നടപ്പിലാകുന്നതിന് ഇന്ത്യ ശക്തമായ ചില നടപടികള്‍ സ്വീകരിക്കണമെന്നും എംബസി പറയുന്നു. അന്താരാഷ്ട്ര ആണവോര്‍ജ സമിതി പരിരക്ഷകള്‍ ഇന്ത്യ നടപ്പാക്കണം. കരാറിന്റെ വാണിജ്യ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ഉപാധികള്‍ പൂര്‍ണമായും  അംഗീകരിക്കാന്‍  തയാറാകണം. കരാര്‍ മുഖേന 150 ബില്യന്‍ ഡോളറിന്റെ വാണിജ്യ അവസരങ്ങള്‍ യു.എസ് കമ്പനികള്‍ക്ക് ലഭിക്കും. പുതുതായി മുപ്പതിനായിരം തൊഴിലവസരങ്ങള്‍ ഇതിലൂടെ അമേരിക്കയില്‍ രൂപപ്പെടുത്താനും  സാധിക്കുമെന്ന് വിക്കിലീക്‌സ് രേഖ പറയുന്നു. 
mathrubhumi
കൊച്ചി: കൊച്ചി ആഴക്കടലില്‍ എണ്ണയുടെ വന്‍ നിക്ഷേപമുണ്ടെന്ന് ഉറപ്പായതായി എണ്ണ - പ്രകൃതിവാതക കമ്മീഷന്‍ വ്യക്തമാക്കി. രാസപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ നവംബര്‍ അവസാനം വരെ കൊച്ചി ആഴക്കടലില്‍ നടത്തിയ പര്യവേക്ഷണത്തിന്റെയും ഖനനത്തിന്റെയും രാസപരിശോധനാ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് പൂര്‍ണ പ്രതീക്ഷ നല്‍കുന്നുവെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. രാസപരിശോധനാ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായവും കമ്മീഷന് ലഭിച്ചു.

പരിശോധനാ റിപ്പോര്‍ട്ട് പൂര്‍ണമായതിനാലാണ് എണ്ണ കണ്ടെത്താമെന്നുള്ളതിന് പ്രതീക്ഷയുള്ളത്. 2012 അവസാനം വരെ നീണ്ടുനില്‍ക്കുന്ന പര്യവേക്ഷണം കൊച്ചി ആഴക്കടലില്‍ തുടങ്ങാന്‍ കഴിയും. കമ്മീഷന്റെ ഉന്നതാധികാര സമിതി അതിന് അനുമതി നല്‍കുമെന്നാണ് വ്യക്തമായ സൂചന.

കൊച്ചിക്കും മംഗലാപുരത്തിനുമിടയില്‍ സര്‍വേയും നടക്കും. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു പര്യവേക്ഷണം നടത്തിയത്. സാമ്പിളുകളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ആദ്യഘട്ടത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കിയിട്ടില്ലെങ്കിലും അവസാന ഘട്ട പരിശോധനകള്‍ എണ്ണയുടെ വന്‍ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്.

അത് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് കമ്മീഷന്‍. പര്യവേക്ഷണം ഏതു ഭാഗത്ത് ആരംഭിക്കണം എന്നതു സംബന്ധിച്ച് ഉന്നതതല സമിതിയാണ് രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി തീരുമാനിക്കുക. അടുത്ത രണ്ട് മാസങ്ങളിലായി അതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. അതിന് ശേഷമായിരിക്കും പര്യവേക്ഷണത്തിനുള്ള ആഴക്കടല്‍ ഭാഗം നിര്‍ണയിക്കുക.

രണ്ട് മാസം മുമ്പ് കേന്ദ്ര പെട്രോളിയം മന്ത്രി പുറപ്പെടുവിച്ച പുതിയ ലൈസന്‍സിങ് നയം അനുസരിച്ച് കൊച്ചി കൊങ്കണ്‍ ആഴക്കടല്‍ ഭാഗത്ത് പര്യവേക്ഷണത്തിനായി പുതിയ ബ്ലോക്കുകള്‍ ലേലം ചെയ്ത് കൊടുക്കും.

1977-ലാണ് കൊച്ചി തീരത്ത് എണ്ണ പര്യവേക്ഷണം ആദ്യമായി തുടങ്ങിയത്. ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ആഴക്കടല്‍ പര്യവേക്ഷണം തുടങ്ങിയത്. അതിന്റെ രാസപരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. കൊച്ചി ആഴക്കടലില്‍ 6000 മീറ്ററോളം കുഴിച്ചിരുന്നു. ഇനിയുള്ള പര്യവേക്ഷണത്തില്‍ എണ്ണ കണ്ടെത്തിയാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം നടത്താന്‍ അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും.
മാനത്തു നിന്നും വീണ വിഷത്തുള്ളികള്‍ മനുഷ്യജീവനോടൊപ്പം പ്രദേശത്തെ ജൈവ വൈവിദ്ധ്യങ്ങളെ ആകമാനം കവര്‍ന്നു തിന്നുമ്പോഴും നീണ്ട ഇരുപതു വര്‍ഷത്തോളം നമ്മുടെ ശാസ്ത്രലോകവും ഭരണകൂടവും ഇത്‌ തിരിച്ചറിഞ്ഞില്ലെന്നത്‌ ആശ്ചര്യജനകമാണ്‌. തിരിച്ചറിഞ്ഞ്‌ നിരോധനം ഏര്‍പ്പെടുത്തിയ ശേഷം വര്‍ഷം 10 തികയാറാകുമ്പോഴും അവര്‍ക്ക്‌ സംശയം തീരുന്നില്ല. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയോ ജീവനാശിനിയോ എന്ന കാര്യത്തില്‍..

ഇതിനകം എത്രയോ പഠനസമിതികള്‍ പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. വിദഗ്ധ സമിതികള്‍ ഗവേഷണ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കമ്മീഷനുകള്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചു. എന്നിട്ടും സംശയങ്ങള്‍ തീരാത്തതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വീണ്ടും വീണ്ടും സര്‍വേ നടത്തുകയും കമ്മീഷനെ നിയോഗിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.

ദുരിതമനുഭവിക്കുന്ന അശരണരും പാവപ്പെട്ടവരുമായ ഒരു ജനവിഭാഗത്തോട്‌ ഭരണകൂടം കാണിക്കുന്ന ഈ നികൃഷ്ട സമീപനം അത്യന്തം അപലപനീയമാണ്‌. എന്നോ പെയ്ത വിഷമഴ സൃഷ്ടിച്ച ദുരിത ജീവിതങ്ങള്‍ അറിയുന്നുണ്ടാവുമോ, തങ്ങളെക്കൊണ്ട്‌ ആഘോഷിക്കുന്നവര്‍ ഒരുപാടുണ്ടാകുമെന്ന്‌!! ഉണ്ടാവാനിടയില്ല. കാരണം അവരില്‍ അധികം പേരും ബുദ്ധിവളര്‍ച്ചയില്ലാത്തവരാണ്‌. പ്രായപൂര്‍ത്തിയാടിട്ടും ചെറിയ കൊച്ചു ശരീരമുള്ളവരാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഈ ഹതഭാഗ്യരുടെ മാതാപിതാക്കള്‍ കശുമാങ്ങ പെറുക്കി നടന്ന തോട്ടങ്ങള്‍ ഇന്ന്‌ നാമമാത്രമായേ ഉള്ളൂ. പലതിലും റബ്ബര്‍ നടുകയോ അല്ലെങ്കില്‍ തരിശായി കിടക്കുകയോ ചെയ്യുന്നു. സൈക്കിള്‍ പോലും അപൂര്‍വ്വമായി മാത്രം കാണാന്‍ കിട്ടുന്ന അക്കാലത്ത്‌ ഹെലികോപ്റ്റര്‍ എന്നു പറയുന്ന അത്ഭുത വാഹനം ആകാശത്ത്‌ വട്ടമിട്ട്‌ പറന്നപ്പോള്‍ പാവം ജനങ്ങള്‍ ആഹ്ലാദത്തോടെ മുകളിലേക്ക്‌ നോക്കിനിന്നു. അതില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുണ്ടായിരുന്നു. കിണറുകള്‍ മൂടിവെക്കണമെന്ന്‌ പറഞ്ഞു കേട്ടതിനാല്‍ ഓലമടല്‍ കൊണ്ടും മറ്റും കിണര്‍ മൂടിവെച്ചാണ്‌ ഹെലികോപ്റ്റര്‍ കാണാന്‍ പോയത്‌. എന്നാല്‍ അടുത്ത ദിവസം അവര്‍ കണ്ടത്‌ കിണറുകളിലെയും കുളങ്ങളിലെയും തോടുകളിലെയുമെല്ലാം മീനുകള്‍ ചത്തു കിടക്കുന്നതാണ്‌. വര്‍ഷത്തില്‍ നാലു തവണയായി ഇതുപതിലധികം വര്‍ഷക്കാലം എന്‍ഡോസള്‍ഫാനെന്ന ഈ വിഷദ്രാവകം ഹെലികോപ്റ്ററില്‍ തളിച്ചുകൊണ്ടിരുന്നു.

അക്ഷരാഭ്യാസമില്ലാത്ത പാവം ജനങ്ങള്‍ക്ക്‌ ഇതിന്റെ ദുരന്തം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കുടുംബത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും സംഭവിക്കുന്ന വൈകല്യങ്ങള്‍ തങ്ങളുടെ കര്‍മ്മദോഷം കൊണ്ടാണെന്നേ അവര്‍ കരുതിയുള്ളൂ.

മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തളിക്കാന്‍ തുടങ്ങിയ ഈ വിഷദ്രാവകമാണ്‌ തങ്ങളുടെ ദുരിതങ്ങള്‍ക്ക്‌ കാരണമെന്ന്‌ ഒരു ഞെട്ടലോടെ ഇന്നവര്‍ തിരിച്ചറിയുന്നു. 22 വയസ്സായിട്ടും രണ്ടു വയസ്സുകാരന്റെ ബുദ്ധിപോലുമില്ലാത്ത മകനെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ ഒരമ്മ പഴയകാലത്തെക്കുറിച്ച്‌ ഓര്‍ത്തു. 'ആമരുന്ന്‌ തളിക്കാന്‍ തുടങ്ങിയതോടെ കൊതുകുശല്യം ഇല്ലാതായി, പാമ്പുകള്‍ ചത്തൊടുങ്ങി, മറ്റുകൃമികീടങ്ങളുടെ ഉപദ്രവവും കുറഞ്ഞു'. മരുന്നിന്റെ മേ
  ന്മയായിട്ടാണെന്നാണ്‌ അവര്‍ പറഞ്ഞത്‌.

മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ കഴിവുള്ള വിഷമാണ്‌ അന്ന്‌ തളിച്ചതെന്ന്‌ ഇന്നും ഇവരില്‍ പലരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. വലിയ തലകളോടുകൂടി ജനിക്കുന്ന കുട്ടികള്‍, ബുദ്ധിവികാസം പ്രാപിക്കാത്തവര്‍, ജനിക്കുമ്പോള്‍ തന്നെ കൈകാലുകള്‍ തളര്‍ന്ന കുട്ടികള്‍, മാറാത്ത ത്വക്ക്‌ രോഗം ബാധിച്ചവര്‍, ക്യാന്‍സര്‍ രോഗികള്‍, കാഴ്ചശക്തി ഇല്ലാത്തവര്‍ -ഇതാണ്‌ എന്‍ഡോസള്‍ഫാന്‍ തളിച്ച പഞ്ചായത്തുകളിലെ നൂറുകണക്കിന്‌ മനുഷ്യജീവികളുടെ ചിത്രം.

അംഗവൈകല്ല്യത്തോടുകൂടി ജനിക്കുന്ന പശുകുട്ടികള്‍, അകാലമരണമടയുന്ന പശുക്കള്‍, മറ്റുജീവികള്‍, അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന പക്ഷികള്‍, പൂമ്പാറ്റകള്‍, തുമ്പികള്‍ തുടങ്ങി ജൈവ വൈവിധ്യങ്ങളുടെ നശീകരണമാണിവിടെ നടന്നത്‌.

1962-ല്‍ സ്ഥാപിതമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‌ ജില്ലയില്‍ 4,696 ഏക്കര്‍ കശുവണ്ടി തോട്ടമാണുള്ളത്‌. തേയില കൊതുകിനെ നേരിടാന്‍ 1977-78 കാലത്ത്‌ പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നുവെങ്കിലും 1980 മുതലാണ്‌ വര്‍ഷത്തില്‍ മൂന്നോ നാലോ തവണ തുടര്‍ച്ചയായി തളിക്കാന്‍ തുടങ്ങിയത്‌. 2000 ഡിസംബര്‍ 26 വരെ ഇത്‌ തുടര്‍ന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച കശുവണ്ടി തോട്ടമുള്‍പ്പെടുന്ന 11 പഞ്ചായത്തുകളിലാണ്‌ ഇന്ന്‌ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉള്ളതായി കണക്കാക്കുന്നത്‌. മുന്നൂറോളം പേര്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപ്പെട്ട്‌ മരണപ്പെട്ടു. ഇന്നും 2500 ഓളം പേര്‍ പലവിധ രോഗങ്ങളുടെ ചികിത്സയിലാണ്‌. കള്ളാര്‍ പഞ്ചായത്തില്‍ മാത്രം 30ലധികം പേര്‍ ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ചതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

ഈയൊരു പ്രത്യേക സാഹചര്യത്തില്‍ പ്രശ്നം ഗൗരവമായി പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നതാണ്‌ ഏതൊരുഭരണകൂടത്തിന്റേയും പ്രാഥമിക കര്‍ത്തവ്യം. ജനവാസമുള്ള പ്രദേശങ്ങളില്‍ രാസവസ്തു തളിക്കുമ്പോള്‍ ഇതിന്റെ വരാനിരിക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ച്‌ പഠിക്കേണ്ടതായിരുന്നില്ലേ?. ഇങ്ങനെ പഠിച്ചിരുന്നെങ്കില്‍ ഈ വിഷദ്രാവകം തളിക്കാന്‍ അനുമതി ലഭിക്കുമായിരുന്നോ?.

എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ ശക്തമായ ജനരോഷത്തിന്റെ ഫലമായി കോടതി ഉത്തരവിന്‍ പ്രകാരം മരുന്നടി നിര്‍ത്തിയിട്ട്‌ 10 വര്‍ഷമെങ്കിലുമായി. ഒരുപാട്‌ പഠന സംഘങ്ങള്‍ വന്നു. രക്തവും മുലപ്പാലും, വെള്ളവും മണ്ണും പരിശോധിച്ചു. പഠനം പഠനത്തിന്റെ വഴിയേ പോയി. പക്ഷെ ഈ പഠനസംഘങ്ങളിലാരും തന്നെ ഇവിടെയുള്ള പച്ച മനുഷ്യരുടെ മനസ്‌ കണ്ടില്ല. രക്തവും മുലപ്പാലും ഊറ്റിയെടുത്തവര്‍ അവരുടെ പ്രശ്നങ്ങളെ കുറിച്ച്‌ അന്വേഷിച്ചില്ല. സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങളെ കുറിച്ച്‌ ചോദിച്ചില്ല. ദുരന്തത്തിന്‌ ഇരയായവര്‍ എത്ര എന്ന കൃത്യമായ കണക്കുപോലും ഗവണ്‍മെന്റിന്റെ കയ്യിലില്ല. മന്ത്രിമാര്‍ക്കും പഠനസംഘങ്ങള്‍ക്കും കമ്മീഷനുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചെറുതും വലുതുമായ സംഘടനകള്‍ക്കും ഇതൊരു ആഘോഷമാണ്‌.

ദല്‍ഹിയില്‍ നിന്നും വിമാനത്തിലൊരുസുഖയാത്ര, ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസം, ഭക്ഷണം, മറ്റുചിലവുകള്‍ എല്ലാം കൂട്ടിയാല്‍  ഈ പാവങ്ങളുടെ പുനരധിവാസത്തിന്‌ വേണ്ടിവരുന്ന തുകയുടെ അത്രത്തോളം വരും. ഒരുപ്രത്യേക സ്ഥലത്ത്‌ ഒരേതരത്തിലുള്ള രോഗാവസ്ഥ കണ്‍മുന്നില്‍ കാണുമ്പോള്‍ അതിന്റെ കാരണം കണ്ടെത്താന്‍ പഠനം ആവശ്യമാണ്‌. അതവര്‍ നടത്തട്ടെ, ഈ ദുരിത ജീവിതങ്ങള്‍ക്ക്‌ ഒരാശ്വാസം വേണ്ടേ?. അതിനെ കുറിച്ചല്ലേ ആദ്യം ചിന്തിക്കേണ്ടത്‌.*****
വാരാണസിയില്‍ സ്‌ഫോടനം; ഒന്നരവയസ്സുകാരി മരിച്ചു
mathrubhumi
ഭീകരാക്രമണമെന്ന് കേന്ദ്രം

22 പേര്‍ക്ക് പരിക്ക്

ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്വം ഏറ്റു

സ്‌ഫോടനം ശീതള ഘട്ടില്‍ ആരതി കഴിഞ്ഞയുടന്‍

രാജ്യമെങ്ങും അതിസുരക്ഷാ നിര്‍ദേശം



വാരാണസി: ഉത്തര്‍പ്രദേശിലെ ക്ഷേത്ര നഗരമായ വാരാണസിയില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒന്നരവയസ്സുകാരി മരിച്ചു.
രണ്ട് വിദേശികളുള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു.

വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ഗംഗാതീരത്തുള്ള തിരക്കേറിയ സ്‌നാനഘട്ടങ്ങളിലൊന്നായ ശീതള ഘട്ടിലാണ് വൈകിട്ട് ആറരയോടെ സ്‌ഫോടനമുണ്ടായത്. സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഭക്തര്‍ പ്രാര്‍ഥനയ്ക്കായി കൂടുന്ന ദശാശ്വമേധ ഘട്ടിന്റെ തെക്കുഭാഗമാണ് ശീതള ഘട്ട്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് എല്ലാദിവസവും 5.40-ന് ആരംഭിക്കുന്ന ആരതി കാണാന്‍ കൂടിയിരുന്ന അയ്യായിരത്തോളം പേര്‍ ഘട്ടിനടുത്തുനിന്ന് പിരിഞ്ഞുപോയത്. ഇതുമൂലം വന്‍ ദുരന്തം ഒഴിവായി. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പതിനെട്ടാം വാര്‍ഷികം സംഭവരഹിതമായി കടന്നുപോയതിന്റെ പിറ്റേന്നാണ് വാരാണസിയില്‍ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനം ശക്തി കുറഞ്ഞതാണെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ മാധ്യമ സ്ഥാപനങ്ങളിലേക്ക് ഇ- മെയില്‍ അയയ്ക്കുകയായിരുന്നു. ഇത് ഭീകരാക്രമണമാകാനുള്ള സാധ്യത അന്വേഷണ ഏജന്‍സികളും തള്ളിയിട്ടില്ല. ഘട്ടിന്റെ പടവുകളില്‍ ഒന്നിലാണ് സ്‌ഫോടകവസ്തു വെച്ചതെന്നാണ് പ്രാഥമിക തെളിവുകള്‍ നല്‍കുന്ന സൂചന. സ്‌ഫോടനസ്ഥലത്തിനുടുത്തുള്ള ചവറ്റുകൊട്ടയില്‍നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായി അധികൃതര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സുരക്ഷ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശില്‍ മുഴുവനും ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവടങ്ങളിലും അതിജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജനങ്ങളോട് ശാന്തത പാലിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
2006-ല്‍ വാരാണസിയിലെ സങ്കട്‌മോചന്‍ ക്ഷേത്രത്തിലും പ്രധാന റെയില്‍വേ സ്റ്റേഷനിലും ഉണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനവും സൗഹാര്‍ദവും തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ശ്രമമാണ് വാരാണസി സ്‌ഫോടനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരില്‍ വന്ന ഇ-മെയിലിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.




നിയമനതട്ടിപ്പ്‌: അഭിലാഷ്‌ പിള്ള കോടതിയില്‍ കീഴങ്ങി
MANGALAM
 




സി.ബി.ഐ. വെബ്‌സൈറ്റ്‌ "ഹാക്ക്‌"ചെയ്‌തവര്‍ക്കെതിരേ കേസെടുത്തു



ന്യൂഡല്‍ഹി: തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു
വികൃതമാക്കിയ അജ്‌ഞാതര്‍ക്കെതിരേ സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.


പാകിസ്‌താന്‍ സൈബര്‍ ആര്‍മി (പി.സി.എ)എന്നു സ്വയം വിശേഷിപ്പിച്ച സംഘമാണ്‌ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന സി.ബി.ഐ. വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയത്‌. ലോകപോലീസ്‌ ശൃംഖലയായ ഇന്റര്‍പോളുമായി ബന്ധപ്പെടുത്തിയതാണു സി.ബി.ഐ. സൈറ്റ്‌.


ഇന്ത്യന്‍ സൈബര്‍ ആര്‍മി(ഐ.സി.എ)യെന്ന പേരില്‍ ഒരു സംഘം പാക്‌ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറിയതിനു പ്രതികാരമാണിതെന്നും വരും ദിവസങ്ങളില്‍ മറ്റു വെബ്‌സൈറ്റുകള്‍ ആക്രമിക്കുമെന്നും പാകിസ്‌താന്‍ സൈബര്‍ ആര്‍മി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.


ഐടി നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. എത്രയും പെട്ടെന്നു സൈറ്റ്‌ പുനഃസ്‌ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നു സി.ബി.ഐ. വക്‌താവ്‌ പറഞ്ഞു. ഡിസംബര്‍ മൂന്ന്‌, നാല്‌ തീയതികള്‍ക്കിടയിലുള്ള രാത്രിയിലാണ്‌ വെബ്‌സൈറ്റ്‌ ഹാക്കിംഗ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. സൈബര്‍ ക്രൈം സെല്ലാണ്‌ കേസെടുത്തത്‌. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെയും സൈബര്‍ സുരക്ഷാ വിദഗ്‌ധരുടേയും സഹായത്തോടെ സൈറ്റ്‌ പുനഃസ്‌ഥാപിക്കാനാണു ശ്രമിക്കുന്നത്‌. രാജ്യത്തെ കമ്പ്യൂട്ടര്‍ സെര്‍വറുകളെ നിയന്ത്രിക്കുന്ന എന്‍.ഐ.സിയുടെ നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ്‌ ഹാക്കിംഗ്‌ ചൂണ്ടിക്കാട്ടുന്നതെന്നു വിദഗ്‌ധര്‍ പറയുന്നു. സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിനു ഹാക്കിംഗ്‌ ഭീഷണിയുണ്ടെന്നും കൃത്യമായ സുരക്ഷാ ഓഡിറ്റിംഗ്‌ നടത്തുന്നില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.


പാകിസ്‌താന്‍ സൈബര്‍ ആര്‍മിയെന്ന ഹാക്കിംഗ്‌ സംഘം ഇരുന്നൂറോളം ഇന്ത്യന്‍ സൈറ്റുകളില്‍ കടന്നുകയറിക്കഴിഞ്ഞെന്നാണു റിപ്പോര്‍ട്ട്‌. 'പ്രെഡേറ്റേഴ്‌സ് പി.കെ' (പാക്‌ വേട്ടക്കാര്‍) എന്നാണിവര്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. നവംബര്‍ 26-ന്‌ ഇന്ത്യന്‍ സൈബര്‍ ആര്‍മി പാക്‌ സൈറ്റുകള്‍ ആക്രമിച്ചെന്നു പാക്‌ മാധ്യമങ്ങളാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.


പാക്‌ നാവികസേന, നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ, വിദേശകാര്യ, വിദ്യാഭ്യാസ, ധന മന്ത്രാലയങ്ങള്‍, ഇസ്ലാമിക സംഘടനകള്‍ എന്നിവയുടെ സൈറ്റുകളാണ്‌ ഐ.സി.എ. ഹാക്ക്‌ ചെയ്‌തത്‌. ഇതിനു തിരിച്ചടിയായി സി.ബി.ഐ, കോളജുകള്‍, ഇന്ത്യന്‍ കമ്പനികള്‍, സര്‍ക്കാരിതര സംഘടനകള്‍, മതസംഘടനകള്‍ എന്നിവയുടെ വൈബ്‌സൈറ്റുകളിലാണു പി.സി.എ. കടന്നുകയറിയത്‌.


'ഇന്ത്യന്‍ ഹാക്കര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണിത്‌. പാക്‌ സൈറ്റുകളില്‍ കടന്നുകയറുന്നത്‌ അവസാനിപ്പിക്കുക. എന്തെങ്കിലും കൂടുതല്‍ ചെയ്യാന്‍ ഞങ്ങളെ പ്രകോപിപ്പിക്കരുത്‌. നിങ്ങളുടെ സുരക്ഷ മികച്ചതാണ്‌. എന്നാല്‍ ഞങ്ങള്‍ അതു തകര്‍ത്തുകളഞ്ഞു.' എന്ന സന്ദേശമാണ്‌ പാക്‌ സൈബര്‍ ആര്‍മി നല്‍കിയിരിക്കുന്നത്‌. 'ഇന്ത്യ പാകിസ്‌താനെതിരേ തുടങ്ങിവച്ച സൈബര്‍ യുദ്ധം ഏറ്റെടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്‌. കുറഞ്ഞ സെര്‍വറുകളില്‍ സൈറ്റുകള്‍ തുടങ്ങിയത്‌ ഞങ്ങളുടെ സര്‍ക്കാരിന്റെ വീഴ്‌ചയാണ്‌. എന്നാല്‍ പാക്‌ ഹാക്കര്‍മാര്‍ ഇന്റര്‍നെറ്റില്‍ നിര്‍ണായക ശക്‌തിയാണെന്നു തിരിച്ചറിയുക.' സന്ദേശം തുടരുന്നു. മുംബൈ ആക്രമണത്തിനു പ്രതികാരമെന്ന്‌ അവകാശപ്പെട്ടാണ്‌ ഇന്ത്യന്‍ സൈബര്‍ ആര്‍മി ഹാക്കിംഗ്‌ നടത്തിയത്‌.

കൊച്ചി മെട്രോ മൂന്നുമാസത്തിനകം കേന്ദ്രാനുമതി:ഇ.ശ്രീധരന്‍ MATHRUBHUMI


കൊച്ചി മെട്രോ മൂന്നുമാസത്തിനകം കേന്ദ്രാനുമതി: ഇ.ശ്രീധരന്‍
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 159 കോടി രൂപ അനുവദിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദേഹം.

വിഷത്തിലും വളരുന്ന ബാക്ടീരിയ; 
ഭൂമിക്ക് വെളിയില്‍ ജീവന് പുതിയ സാധ്യത

-ജോസഫ് ആന്റണി




ശാസ്ത്രലോകത്തിന് പരിചിതമായ രാസചേരുവകളല്ലാതെയും ജീവന്‍ നിലനില്‍ക്കാമെന്ന് നാസ ഗവേഷകരുടെ കണ്ടെത്തല്‍. ജീവതന്മാത്രകളിലെ അനിവാര്യ ഘടകങ്ങളിലൊന്നായി കരുതപ്പെടുന്ന ഫോസ്ഫറസിന് പകരം കൊടുംവിഷമായ ആഴ്‌സെനിക്കിലും ജീവന്‍ നിലനില്‍ക്കാമെന്നാണ് കണ്ടെത്തിയത്. ഭൂമിക്ക് വെളിയില്‍ ജീവന്‍ തേടുന്നവര്‍ക്ക് പുത്തന്‍ സാധ്യത തുറക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ലക്കം 'സയന്‍സ്' മാഗസിനിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ജീവന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് കരുതുന്ന ആറ് മൂലകങ്ങളുണ്ട്- കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ. 'ഡി.എന്‍.എ., പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നീ ജീവതന്മാത്രകളുടെ സൃഷ്ടിക്ക് ഈ മൂലകങ്ങള്‍ ആവശ്യമാണ്'-നാസ ഗവേഷക ഫെലിസ വൂള്‍ഫ് സിമോന്‍ അറിയിക്കുന്നു. ഇതില്‍ ഫോസ്ഫറസിന് പകരം ആഴ്‌സെനിക് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഒരിനം ബാക്ടീരിയയ്ക്ക് സാധിക്കുമെന്നാണ് ഫെലിസയും കൂട്ടരും കണ്ടെത്തലാണ്.

ബാക്ടീരിയയുടെ ഡി.എന്‍.എ ഉള്‍പ്പടെയുള്ള സുപ്രധാന ജീവതന്മാത്രകളില്‍ ഫോസ്ഫറസിന് പകരം ആര്‍സെനിക്ക് സ്ഥാനം പിടിക്കുന്നതായും ഗവേഷകര്‍ കണ്ടു. സാധാരണഗതിയില്‍ ജീവതന്മാത്രകളെ പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ആര്‍സെനിക്ക്, ജീവന്റെ അടിസ്ഥാന മൂലകങ്ങളിലൊന്നായി മാറുന്ന വിചിത്ര കാഴ്ചയാണിത്. ജീവതന്മാത്രകളുടെ നിലനില്‍പ്പിന് ഫോസ്ഫറസ് കൂടിയേ തീരൂ എന്ന അംഗീകൃത വസ്തുത പുതിയ കണ്ടത്തല്‍ വഴി ചോദ്യം ചെയ്യപ്പെടുകയാണ്. ആവര്‍ത്തന പട്ടികയില്‍ ഫോസ്ഫറിസിന് അടുത്ത സ്ഥാനമാണ് ആര്‍സെനികിന്റേത്.

നമുക്കറിയാത്ത രൂപത്തിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നാണ് പുതിയ പഠനം സൂചന നല്‍കുന്നത്-അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഏരിയല്‍ അന്‍ബാര്‍ പറയുന്നു. അപരിചിതമായ അവയെ 'വിചിത്ര ജീവന്‍' എന്നാണ് പഠനത്തില്‍ പങ്കാളിയായ പോള്‍ ഡേവീസ് വിശേഷിപ്പിക്കുന്നത്. 'വിചിത്ര ജീവന്റെ' രൂപത്തിലാകാം അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുള്ളതെന്ന് ഗവേഷകര്‍ കരുതുന്നു.

കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍ നിന്ന് ലഭിച്ച 'ഗാമാപ്രോട്ടിയോബാക്ടീരിയ'യുടെ ഒരു പ്രത്യേക വകഭേദത്തെയാണ് ഫെലിസയും സംഘവും പഠനവിധേയമാക്കിയത്. പരീക്ഷണശാലയില്‍ ഫോസ്ഫറസ് വളരെ കുറവും ആഴ്‌സെനിക് കൂടുതലുമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ വകഭേദത്തെ അവര്‍ വളര്‍ത്തി. ഫോസ്ഫറസ് തീരെക്കുറഞ്ഞ അന്തരീക്ഷത്തില്‍ ആഴ്‌സെനിക് 'പോഷക'മാക്കി ബാക്ടീരിയ വളര്‍ന്നു പെരുകി. അതിന്റെ സുപ്രധാന ജീവകോശങ്ങളില്‍ ഫോസ്ഫറസിന്റെ സ്ഥാനം ആഴ്‌സെനിക് ഏറ്റെടുത്തതായും മാസ് സ്‌പെക്ട്രോസ്‌കോപ്പി പോലുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗവേഷകര്‍ മനസിലാക്കി.

ആഴ്‌സെനിക്ക് വിഘടിപ്പിച്ച് വിഷാംശം നീക്കാന്‍ സഹായിക്കുന്ന ചിലയിനം ബാക്ടീരിയകളെ ജനിതകപരിഷ്‌ക്കരണം വഴി ശാസ്ത്രലോകം മുമ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ കിണറുകളില്‍ നിന്ന് ആഴ്‌സെനിക് വിഷാംശം നീക്കംചെയ്യാന്‍ ആ സൂക്ഷ്മജീവികളെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ഫോസ്ഫറസിന് പകരം ആഴ്‌സനിക്കിനെ ആശ്രയിച്ച് ജീവിക്കുന്ന ബാക്ടീരിയ ശാസ്ത്രലോകത്തിന് പുതുമയാണ്. അന്യഗ്രഹ ജീവന്‍ തേടുന്നതില്‍ മാത്രമല്ല, ഭാവിയില്‍ പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനും ഇത്തരം കണ്ടെത്തലുകള്‍ സഹായിച്ചേക്കും.