തൊഴിലുറപ്പ് പദ്ധതിയില്‍ 13,000 കോടി രൂപയുടെ ക്രമക്കേട്
ന്യുദല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 13,000 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സി.എ.ജി കണ്ടെത്തി. ചട്ടവിരുദ്ധമായാണ് തുക ചെലവഴിച്ചതെന്ന് സി.എ.ജി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി അനുവദിച്ച 350 കോടി രൂപ കേരളം ചെലവാക്കാതെ പാഴാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.വര്‍ഷത്തില്‍ 100 ദിവസം എന്നത് നടപ്പാക്കാനായില്ലെന്നും ശരാശരി 43 ദിവസങ്ങള്‍ മാത്രമാണ് തൊഴില്‍ നടപ്പാക്കാനായുള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2252 കോടി രൂപ അനുവദിക്കാന്‍ പാടില്ലാത്ത ജോലികള്‍ക്കായാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 6446 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ധനകാര്യ ചട്ടങ്ങള്‍ ലംഘിച്ചാണ്.
പദ്ധതി നടത്തിപ്പില്‍ കേരളം രണ്ടു വര്‍ഷത്തെ വീഴ്ച വരുത്തി. കേരളം അഞ്ച് വര്‍ഷത്തില്‍ 349.59 കോടി രൂപയുടെ 87,280 തൊഴില്‍ ദിനം പാഴാക്കി. 39 പഞ്ചായത്തുകളില്‍ വീടുവീടാന്തരമുള്ള പരിശോധന നടന്നില്ല. തൊഴിലില്ലായ്മ വേതനം ഭൂരിപക്ഷം പേര്‍ക്കും നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹാജര്‍ റിപ്പോര്‍ട്ടുകളില്‍ തിരുത്തലുകള്‍ കണ്ടു. കൂലി നല്‍കുന്നതില്‍ കേരളം 23 ദിവസം മുതല്‍ 138 ദിവസം വരെ കാലതാമസം വരുത്തി. കൂലി നല്‍കിയതിനെക്കുറിച്ച് തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ല. സ്വകാര്യ ഭൂമിയില്‍ മരം മുറിച്ചു മാറ്റിയതിന് 32 ലക്ഷം രൂപ നല്‍കിയ ശേഷം ഒരു ഗ്രാമപഞ്ചായത്ത് ഇത് മഴവെള്ള ശേഖരണത്തിനാണെന്ന് എഴുതി വച്ചു.
കടലാക്രമണം ചെറുക്കാന്‍ 55 ലക്ഷം രൂപ ചെലവാക്കിയെങ്കിലും സംസ്ഥാന ജലസേചന വകുപ്പിന്റെ സഹകരണം കിട്ടാത്തതിനാല്‍ ഇത് പാഴായി. ചട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ നാല് മുതല്‍ ആറ് വര്‍ഷം വരെ കാലതാമസം കേരളത്തിനുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലായ്മ വേതനം നല്‍കുന്നതിലും കൂലി സമയത്ത് നല്‍കുന്നതിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.