മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Wednesday, 23 February 2011

രണ്ടുരൂപയ്ക്കുള്ള അരി കൂടുതല്‍ പേര്‍ക്ക്

രണ്ടുരൂപയ്ക്കുള്ള അരി കൂടുതല്‍ പേര്‍ക്ക്
Posted on: 24 Feb 2011

തിരുവനന്തപുരം: ബി.പി.എല്‍, എ.പി.എല്‍ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും വ്യവസ്ഥകളോടെ രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചുകൊണ്ടുള്ള ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ ധനകാര്യവകുപ്പിന്റെ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളില്‍ രണ്ട് സ്റ്റേജിനപ്പുറമുള്ള അസാധാരണ വര്‍ധന ഒഴിവാക്കിയതാണ് പ്രധാന മാറ്റം.

രണ്ടുരൂപയ്ക്കുള്ള അരി പുതുതായി ഇരുപത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൂടി ലഭിക്കുമെന്ന് കരുതുന്നു. പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവരേയും അഞ്ചേക്കറിലധികം വസ്തു ഉള്ളവരേയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. ഇതില്‍ 20 ലക്ഷം പേര്‍ ബി.പി.എല്‍ കുടുംബങ്ങളാണ്. എ.പി.എല്‍ വിഭാഗത്തിലെ സംവരണ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. പ്രതിമാസം 35 കിലോ ഗ്രാം മുതല്‍ 15 കിലോ ഗ്രാം വരെ അരിയാണ് വിവിധ വിഭാഗങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് നല്‍കി വരുന്നത്. ഈ പദ്ധതിയാണ് ബി.പി.എല്‍, എ.പി.എല്‍ ഭേദമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമായി നടപ്പിലാക്കുന്നത്. കാല്‍ലക്ഷത്തിലധികം രൂപ പ്രതിമാസ വരുമാനമോ അഞ്ചേക്കറിലധികം ഭൂമിയോ ഉള്ളവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് വ്യക്തികള്‍ തന്നെ നല്‍കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ അംഗീകരിക്കും. പ്രതിമാസം 12 കോടി രൂപയാണ് ഈ പദ്ധതി നടപ്പിലാക്കാനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.

ശമ്പള പരിഷ്‌ക്കരണത്തിലെ അസാധാരണ വര്‍ധനവ് ഒഴിവാക്കുമ്പോള്‍ മൂവായിരത്തോളം ഉദ്യോഗസ്ഥരെ സംബന്ധിച്ച ശുപാര്‍ശകളാണ് മാറുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അപാകങ്ങളുണ്ടെങ്കിലും അത് വിശദമായ പരിശോധനകളിലൂടെയേ പരിഹരിക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അപാകങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. എല്ലാ ജീവനക്കാരുടേയും നിവേദനങ്ങളും പരാതികളും ഈ സമിതിയെ ഏല്‍പ്പിക്കും. ഏപ്രില്‍ ഒന്നിന് പുതിയ ശമ്പളം ലഭിച്ചുതുടങ്ങും.

Saturday, 5 February 2011

ഗൂഢാലോചന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് - ലീഗ്
Posted on: 06 Feb 2011

മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും മുസ്‌ലിംലീഗ് നേതൃത്വം.

ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ശനിയാഴ്ച രാവിലെ വിളിച്ചുകൂട്ടിയ നേതൃയോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിക്കെതിരെയും ചിലര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടന്നത്. മുസ്‌ലിം ലീഗിനെതിരായ ഓരോ നീക്കവും ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദ് ഞായറാഴ്ച എത്തിയശേഷം നേതൃയോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും -ഇ.ടി. പറഞ്ഞു.

ചാനലില്‍ വന്ന വെളിപ്പെടുത്തല്‍ തടയാന്‍ എം.കെ.മുനീര്‍ ശ്രമിച്ചില്ല എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചതിനെക്കുറിച്ചുള്ള ഇ.ടി.യുടെ പ്രതികരണം ഇങ്ങനെയായിരുന്നു- ''ഇന്ത്യാ വിഷന്‍ എടുത്തിട്ടുള്ള സമീപനവുമായി ബന്ധപ്പെട്ട് പറഞ്ഞതാണ്. ചാനലിന്റെ വെളിപ്പെടുത്തല്‍ തടയാന്‍ മുനീറിന് കഴിഞ്ഞില്ലെന്ന ഖേദം കുഞ്ഞാലിക്കുട്ടിക്കുണ്ടാകും . അത് പ്രകടിപ്പിച്ചതാണ്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല'' . ലീഗിന്റെ അകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നമായി മാറില്ല. ഇത്തരംപ്രശ്‌നങ്ങള്‍ നേരിടാന്‍ ലീഗ് ഒരു മാര്‍ഗരേഖ ഉണ്ടാക്കും. ചാനല്‍ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുനീറിന് അറിവുണ്ടായിരുന്നു എന്ന് ലീഗ് ഇപ്പോഴും കരുതുന്നില്ല. ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പലഭാഗത്തും നടക്കുന്നത് - ഇ.ടി. പറഞ്ഞു.

ഒരു ദിവസം കൂടി കാത്തിരിക്കാനും ചര്‍ച്ച നടത്തി പാര്‍ട്ടി തന്നെ എല്ലാകാര്യങ്ങളും പറയുമെന്നും യോഗത്തിനുശേഷം പുറത്തുവന്ന എം. കെ. മുനീര്‍ പറഞ്ഞു. രാവിലെ 8.45 ഓടെയാണ് യോഗം ചേര്‍ന്നത്. തങ്ങള്‍ അടിയന്തരമായി വിളിപ്പിച്ചതായിരുന്നു എല്ലാവരെയും. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി എന്നിവരാണ് പങ്കെടുത്തത്. ഇന്ത്യാവിഷന്‍ ചാനലില്‍ വന്ന പുതിയ വെളിപ്പെടുത്തല്‍ മുനീറിന് അറിയാമായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി മറ്റൊരു ചാനലിലൂടെ വെള്ളിയാഴ്ച വൈകുന്നേരം വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതികരണങ്ങളിലൂടെ കാര്യങ്ങള്‍ നിയന്ത്രണം വിടുമെന്ന് കണ്ടതോടെയാണ് ഹൈദരലി തങ്ങള്‍ അടിയന്തരമായി കുഞ്ഞാലിക്കുട്ടിയെയും മുനീറിനെയും വിളിച്ചുവരുത്തിയതെന്നാണ് സൂചന.

Thursday, 3 February 2011

സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
Posted on: 04 Feb 2011



ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണത്തിനിടെ രക്തസാക്ഷിത്വം വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍ പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂര്‍ മധുര ബസാര്‍ കണ്ണമ്പത്ത് വീട്ടില്‍ കെ. മോഹന(56)നാണ് വ്യാഴാഴ്ച വൈകിട്ട് പാര്‍ലമെന്റിനു സമീപം വിജയ്ചൗക്കില്‍ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

98 ശതമാനം പൊള്ളലേറ്റ മോഹനനെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച സന്ദീപ് ഉണ്ണികൃഷ്ണനുവേണ്ടി രാജ്യം ഒന്നും ചെയ്തില്ലെന്നാരോപിച്ചാണ് ആത്മഹത്യാശ്രമം.

വൈകിട്ട് 5.45 ഓടെയാണ് മോഹനന്‍ തീകൊളുത്തിയത്. തീ ആളിപ്പടരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായി ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസെത്തി ആദ്യം ആര്‍.എം.എല്‍. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്റെ ബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും സംസാരിക്കാനാവുന്നുണ്ടെന്നും ആസ്​പത്രി അധികൃതര്‍ പറഞ്ഞു.

ആത്മഹത്യയ്ക്കു ശ്രമിച്ച സ്ഥലത്തുനിന്ന് മോഹനന്റെ ഡയറിയും തീവണ്ടി ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. 30ന് ഡല്‍ഹിയില്‍ എത്തിയിരിക്കാമെന്നാണ് ടിക്കറ്റില്‍ നിന്നുള്ള സൂചന.

മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ സന്ദീപ് ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി സര്‍ക്കാറും ജനപ്രതിനിധികളും ഒന്നും ചെയ്യാത്തതില്‍ ഡയറിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ മൃദുസമീപനമെടുക്കുന്നതിനെയും ഡയറിയില്‍ വിമര്‍ശിക്കുന്നു.

മധുര ബസാറില്‍ കച്ചവടക്കാരനാണ് മോഹനന്‍. ഞായറാഴ്ച എറണാകുളത്തേക്ക് പോകുന്നു എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. വീടുപണിക്കായി എറണാകുളത്തേക്ക് പോയി എന്നു കരുതിയിരുന്ന വീട്ടുകാര്‍ വ്യാഴാഴ്ച ടെലിവിഷന്‍ വാര്‍ത്തയില്‍ നിന്നാണ് വിവരമറിഞ്ഞത്.