രണ്ടുരൂപയ്ക്കുള്ള അരി കൂടുതല്‍ പേര്‍ക്ക്
Posted on: 24 Feb 2011
തിരുവനന്തപുരം: ബി.പി.എല്‍, എ.പി.എല്‍ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും വ്യവസ്ഥകളോടെ രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചുകൊണ്ടുള്ള ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ ധനകാര്യവകുപ്പിന്റെ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളില്‍ രണ്ട് സ്റ്റേജിനപ്പുറമുള്ള അസാധാരണ വര്‍ധന ഒഴിവാക്കിയതാണ് പ്രധാന മാറ്റം.
രണ്ടുരൂപയ്ക്കുള്ള അരി പുതുതായി ഇരുപത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൂടി ലഭിക്കുമെന്ന് കരുതുന്നു. പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവരേയും അഞ്ചേക്കറിലധികം വസ്തു ഉള്ളവരേയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. ഇതില്‍ 20 ലക്ഷം പേര്‍ ബി.പി.എല്‍ കുടുംബങ്ങളാണ്. എ.പി.എല്‍ വിഭാഗത്തിലെ സംവരണ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. പ്രതിമാസം 35 കിലോ ഗ്രാം മുതല്‍ 15 കിലോ ഗ്രാം വരെ അരിയാണ് വിവിധ വിഭാഗങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് നല്‍കി വരുന്നത്. ഈ പദ്ധതിയാണ് ബി.പി.എല്‍, എ.പി.എല്‍ ഭേദമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമായി നടപ്പിലാക്കുന്നത്. കാല്‍ലക്ഷത്തിലധികം രൂപ പ്രതിമാസ വരുമാനമോ അഞ്ചേക്കറിലധികം ഭൂമിയോ ഉള്ളവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് വ്യക്തികള്‍ തന്നെ നല്‍കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ അംഗീകരിക്കും. പ്രതിമാസം 12 കോടി രൂപയാണ് ഈ പദ്ധതി നടപ്പിലാക്കാനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.
ശമ്പള പരിഷ്‌ക്കരണത്തിലെ അസാധാരണ വര്‍ധനവ് ഒഴിവാക്കുമ്പോള്‍ മൂവായിരത്തോളം ഉദ്യോഗസ്ഥരെ സംബന്ധിച്ച ശുപാര്‍ശകളാണ് മാറുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അപാകങ്ങളുണ്ടെങ്കിലും അത് വിശദമായ പരിശോധനകളിലൂടെയേ പരിഹരിക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അപാകങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. എല്ലാ ജീവനക്കാരുടേയും നിവേദനങ്ങളും പരാതികളും ഈ സമിതിയെ ഏല്‍പ്പിക്കും. ഏപ്രില്‍ ഒന്നിന് പുതിയ ശമ്പളം ലഭിച്ചുതുടങ്ങും.