സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
Posted on: 04 Feb 2011
ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണത്തിനിടെ രക്തസാക്ഷിത്വം വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍ പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂര്‍ മധുര ബസാര്‍ കണ്ണമ്പത്ത് വീട്ടില്‍ കെ. മോഹന(56)നാണ് വ്യാഴാഴ്ച വൈകിട്ട് പാര്‍ലമെന്റിനു സമീപം വിജയ്ചൗക്കില്‍ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
98 ശതമാനം പൊള്ളലേറ്റ മോഹനനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച സന്ദീപ് ഉണ്ണികൃഷ്ണനുവേണ്ടി രാജ്യം ഒന്നും ചെയ്തില്ലെന്നാരോപിച്ചാണ് ആത്മഹത്യാശ്രമം.
വൈകിട്ട് 5.45 ഓടെയാണ് മോഹനന്‍ തീകൊളുത്തിയത്. തീ ആളിപ്പടരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായി ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസെത്തി ആദ്യം ആര്‍.എം.എല്‍. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്റെ ബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും സംസാരിക്കാനാവുന്നുണ്ടെന്നും ആസ്പത്രി അധികൃതര്‍ പറഞ്ഞു.
ആത്മഹത്യയ്ക്കു ശ്രമിച്ച സ്ഥലത്തുനിന്ന് മോഹനന്റെ ഡയറിയും തീവണ്ടി ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. 30ന് ഡല്‍ഹിയില്‍ എത്തിയിരിക്കാമെന്നാണ് ടിക്കറ്റില്‍ നിന്നുള്ള സൂചന.
മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ സന്ദീപ് ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി സര്‍ക്കാറും ജനപ്രതിനിധികളും ഒന്നും ചെയ്യാത്തതില്‍ ഡയറിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ മൃദുസമീപനമെടുക്കുന്നതിനെയും ഡയറിയില്‍ വിമര്‍ശിക്കുന്നു.
മധുര ബസാറില്‍ കച്ചവടക്കാരനാണ് മോഹനന്‍. ഞായറാഴ്ച എറണാകുളത്തേക്ക് പോകുന്നു എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. വീടുപണിക്കായി എറണാകുളത്തേക്ക് പോയി എന്നു കരുതിയിരുന്ന വീട്ടുകാര്‍ വ്യാഴാഴ്ച ടെലിവിഷന്‍ വാര്‍ത്തയില്‍ നിന്നാണ് വിവരമറിഞ്ഞത്.