അന്വേഷണത്തിന് വിദേശ സഹായവും
* തെക്കുകിഴക്കന്‍ ഏഷ്യയിലെയും അമേരിക്കയിലെയും രഹസ്യാന്വേഷണ ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കത്തില്‍
* ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഫ്രീക്വന്‍സിയുള്ള രഹസ്യഫോണ്‍ നല്‍കും
ന്യൂഡല്‍ഹി:ഡല്‍ഹി ഹൈക്കോടതിയില്‍ സ്ഫോടനം നടത്തിയവരെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടി. ഹൈക്കോടതി സ്ഫോടനവുമായി ബന്ധപ്പെട്ട സൂചനകള്‍ വിദേശ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
അമേരിക്കയിലേക്കുള്ള രഹസ്യാന്വേഷണ ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ ബന്ധമുള്ള ആഭ്യന്തര സംഘടനകളാണോ, വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണോ സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷിക്കുന്നത്. ചില പ്രധാനപ്പെട്ട സൂചനകള്‍ കിട്ടിയെങ്കിലും അവയുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞിരുന്നു. നിസ്സാരമെന്ന് തോന്നുന്ന വിവരങ്ങള്‍ പോലും തള്ളുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇ-മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്വേഷണസംഘം വിദേശ ഏജന്‍സികളുടെ സഹായം തേടുന്നുണ്ട്. അഹമ്മദാബാദില്‍ സ്ഫോടനം നടത്തുമെന്ന് മുന്നറിയിപ്പ് നല്കി അയച്ച ഇ-മെയില്‍ മോസ്കോയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായവും ദേശീയ അന്വേഷണ ഏജന്‍സി തേടുന്നുണ്ട്. സിഗ്നല്‍ ഇന്റലിജന്‍സും കോഡുഭാഷയും കൃത്യമായി തിരിച്ചറിയുന്നതിനും വിദേശ ഏജന്‍സികള്‍ സഹായിക്കുന്നുണ്ട്.
അതേസമയം, ഭീകരാക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലും സുഗമവുമായ ആശയവിനിമയം ഉറപ്പുവരുത്താന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഫ്രീക്വന്‍സിയുള്ള രഹസ്യഫോണ്‍ (എന്‍ക്രിപ്റ്റഡ് ഫോണ്‍) നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ടെലിഫോണ്‍ ലൈനുകളിലെ വന്‍തിരക്ക് ആശയവിനിമയത്തെ ബാധിക്കാതിരിക്കാനാണിത്. ഇതിനായി സുരക്ഷിതമായ മൊബൈല്‍ സമ്പ്രദായം ഒരുക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകാതെ ഉന്നതതല യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ടെലിഫോണ്‍ ലൈനുകള്‍ സ്തംഭിക്കാറുണ്ട്. ഇതൊഴിവാക്കാന്‍ പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സവിശേഷവും സുരക്ഷിതവുമായ മൊബൈല്‍ ഫോണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. പ്രത്യേക ഫോണ്‍ നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിലെ യോഗത്തില്‍ തയ്യാറാക്കും. ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തമ്മിലെ സംഭാഷണം ചോരാതിരിക്കാന്‍ സുരക്ഷാ സംവിധാനമുണ്ടാകും.
ഭീകരത നേരിടാന്‍ കര്‍ക്കശ നടപടി വേണം- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനം നേരിടുന്നതിന് കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ വേണമെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് പറഞ്ഞു.
''മുംബൈ സ്ഫോടനത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ ചില നടപടികളെടുത്തെങ്കിലും പ്രശ്നത്തിന് പൂര്‍ണമായ പരിഹാരമുണ്ടായില്ല. ചില വിഷയങ്ങള്‍ ഇനിയും ബാക്കിയുണ്ട്. സുരക്ഷാസംവിധാനത്തിലെ പിഴവുകളാണ് ഭീകരര്‍ മുതലെടുക്കുന്നത്''- രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് മടങ്ങിവരവെ, പ്രധാനമന്ത്രി വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാ മാസവും ആഭ്യന്തരമന്ത്രി രാജ്യത്തെ സുരക്ഷാസ്ഥിതിഗതികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി രൂപവത്കരിച്ചത് ശക്തമായ ഭീകരവിരുദ്ധ നീക്കത്തിന്റെ തുടക്കമാണ്. ദേശീയ ഭീകരവിരുദ്ധ കേന്ദ്രം പോലുള്ളവ തുടങ്ങുന്നതിന് ഉടന്‍ നടപടിയെടുക്കും.
തീസ്ത നദീജല പ്രശ്നത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ മമത എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മന്ത്രി ദിനേശ് ത്രിവേദിയാണ് മമതയുടെ വിയോജിപ്പ് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ദേശരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ മമതയുമായി ചര്‍ച്ച നടത്താന്‍ അയച്ചിരുന്നു. മമത പറഞ്ഞതും ശിവശങ്കര്‍ മേനോന് മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ബംഗ്ലാദേശുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ മമത എന്നോടൊപ്പം ധാക്കയിലേക്ക് വരുന്നില്ലെന്നുള്ള കാര്യം പിന്നീടാണ് മനസ്സിലായത്. പശ്ചിമബംഗാളിന്റെ താത്പര്യത്തിന് വിരുദ്ധമായി ഒന്നുംതന്നെ കേന്ദ്രസര്‍ക്കാര്‍ ചെയ്യില്ല.
'വോട്ടിന് കോഴ' വിവാദത്തില്‍ അമര്‍സിങ്ങിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. അഴിമതി ഒരു ദേശീയ വിപത്താണ്. അത് നേരിടുന്നതില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം.
''ഗുജറാത്തിലെ ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത് ശരിയല്ല. ഒരു സംസ്ഥാനത്തെ വിഷയം നിയമം നിര്‍മിക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ തടസ്സപ്പെടുത്തുന്നതിന് ഉപയോഗിക്കരുത്. വിഷയം കോടതിയുടെ പരിഗണനയിലാണ്. ആ തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കാം''-പ്രധാനമന്ത്രി വ്യക്തമാക്കി.