മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Sunday, 13 March 2011

ജപ്പാന്‍ തിരിച്ചുവരും

ജപ്പാന്‍ തിരിച്ചുവരും
Posted on: 13 Mar 2011



ടോക്യോവിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എ.പി.എസ്. മണി എഴുതുന്നു


മുപ്പത്തിയഞ്ച് വര്‍ഷമായി ജപ്പാനിലെ ടോക്യോയിലാണ് ഞാന്‍. ഈ മണ്ണും ഇവിടത്തെ ആളുകളും എനിക്കും എന്റെ കുടുംബത്തിനും അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഞങ്ങളുടെ ജീവന്റെ ഭാഗം തന്നെയാണത്.

ഭൂകമ്പങ്ങള്‍ ജപ്പാന് അപരിചിതമല്ല. എല്ലാം മാസവും അവ ഉണ്ടാകാറുണ്ട്. ദുര്‍ബലമായിരിക്കുമെന്ന് മാത്രം. വെള്ളിയാഴ്ചത്തെ ഭൂകമ്പം സമാനതയില്ലാത്തതായിരുന്നു. അങ്ങേയറ്റം തീവ്രതയോടെ ഭൂമി ശക്തിയായി കുലുങ്ങി. തുടര്‍ന്ന് വിനാശകാരിയായ സുനാമി അടിച്ചുയര്‍ന്നു.



വെള്ളിയാഴ്ചത്തെ ദുരന്തത്തില്‍ നിന്ന് ടോക്യോ നഗരം കരകയറിവരുന്നുണ്ട്. എന്നാല്‍, മിയാഗിയും സെന്‍ഡായിയും പോലുള്ള തീരപട്ടണങ്ങള്‍ സാധാരണ നിലയിലെത്താന്‍ വളരെ നാളെടുക്കും

1923-ല്‍ ഒരു ഭൂകമ്പമുണ്ടായിരുന്നു. ഇത്രയും തീവ്രമായിരുന്നില്ല അത്. അന്ന് യോകൊഹോമയിലെ 23 ഇന്ത്യക്കാര്‍ മരിച്ചു. അവിടെ താമസിച്ചിരുന്ന വ്യാപാരികളായിരുന്നു എല്ലാവരും. അവരുടെ ഓര്‍മ്മയ്ക്കായി നിലയ്ക്കാത്ത ഒരു ജലധാരയന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ജലധാര ശാന്തിയുടെ അടയാളമായി ഇപ്പോഴും നില്ക്കുന്നു.

പക്ഷേ, ജപ്പാന്‍കാര്‍ ധീരരാണ്. ജന്മനാ തന്നെ താത്ത്വികരും പ്രകൃതി ദുരന്തങ്ങളെ ഭയക്കാത്തവരും ശാന്തരും ദുരിതങ്ങളെ വളരെ വേഗം അതിജീവിക്കുന്നവരുമാണ്. ഓരോ വര്‍ഷവും ഒരു ഡസനിലധികം ശക്തിയേറിയ ചുഴലിക്കാറ്റും ഒട്ടേറെ ചെറുഭൂകമ്പങ്ങളും പ്രകൃതിദുരന്തങ്ങളും അഭിമുഖീകരിക്കുന്നവരാണ്. ഇത് ഏത് വന്‍ ദുരന്തത്തില്‍ നിന്നും കരകയാന്‍ അവര്‍ക്ക് പ്രാപ്തി നല്‍കുന്നു.



ആയിരത്തിലധികം ജപ്പാനീസുകാര്‍ എനിക്ക് സുഹൃത്തുക്കളായുണ്ട് ഇവിടെ. എനിക്കവരുമായി വളരെ നല്ല രീതിയിലുള്ള സ്‌നേഹബന്ധമാണുള്ളത്. ആഴ്ചയിലൊരിക്കല്‍ ഒരു ജാപ്പനീസ് സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച് സാമൂഹികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവ് എനിക്കുണ്ട്.

ഈ രാജ്യത്തിന്റെ പ്രകൃതിസൗന്ദര്യം വിവരണങ്ങള്‍ക്കതീതമാണ്. വളരെ സുന്ദരമാണ് ഈ രാജ്യത്തിന്റെ പ്രകൃതി. മനുഷ്യവിഭവശേഷി ആവശ്യത്തിനുണ്ടിവിടെ. മഴയും ധാരാളം. കഠിനാധ്വാനികളും അച്ചടക്കമുള്ളവരുമാണ് നാട്ടുകാര്‍. ഭൂകമ്പബാധിത മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നതു മാത്രമാണ് രാജ്യത്തിന്റെ ഏക പ്രശ്‌നം.

ഇന്ന് ജപ്പാനില്‍ 22,000 ഇന്ത്യക്കാരുണ്ട്. ടോക്യോയില്‍ മാത്രം 15,000 പേര്‍. ഇവിടെയുള്ള ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. ജപ്പാനിലെ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്‍റ് എന്ന നിലയില്‍ അവരില്‍ പലരുമായും ഞാന്‍ ഫോണ്‍വഴിയും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടു. ആര്‍ക്കും കുഴപ്പമില്ല. ടോക്യോയിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. വലിയ ഭൂകമ്പം നടന്ന സെന്തായിയില്‍ നൂറോളം ഇന്ത്യക്കാരുണ്ട്. അവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



അസാധാരണമായ മനോധൈര്യവും രാഷ്ട്രത്തോടുള്ള ആളുകളുടെ അര്‍പ്പണമനോഭാവും കൊണ്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് വളരെയെളുപ്പം കര കയറാന്‍ ജപ്പാന് കഴിയും. ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ ഞാനും കുടുംബവും പങ്കാളിയായി. ടോക്കിയോവിലെ ഇന്ത്യക്കാര്‍ ഞായറാഴ്ച പ്രത്യേകമായ ഒരു പ്രാര്‍ത്ഥനയോഗം നടത്തുന്നുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രി നവോത്തോ കാന്‍ പറയുന്നു:


ഭൂകമ്പം കഴിഞ്ഞ് 36 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. നടുക്കവും വിഷമവും വിട്ട് മാറിയിട്ടില്ല. പോലീസിനോടും എസ്.ഡി.എഫിനോടും സഹായിച്ച മറ്റുള്ളവരോടും ഞാന്‍ നന്ദി പറയുന്നു. ന്യൂക്ലിയാര്‍ റിയാക്ടര്‍ പ്രദേശത്തെത്തി അവിടുള്ളവരുമായി ഞാന്‍ സംസാരിച്ചു. മറ്റ് ദുരന്തബാധിത മേഖലകളിലും ഞാന്‍ പോവുകയുണ്ടായി. നാശനഷ്ടങ്ങള്‍ ഭീകരമായിരുന്നു.



ജീവന്‍രക്ഷാപ്രവര്‍ത്തനം അതിദ്രുതം നടക്കുന്നുണ്ട്. 20000 എസ്.ഡി.എഫ് പ്രവര്‍ത്തകര്‍ സഹായത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ജപ്പാനിലെല്ലായിടവും ദുരന്തബാധിതരെ സഹായിക്കുന്നതിനായി ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ന്യൂക്ലിയര്‍ റിയാക്ടര്‍ ഒന്ന്, രണ്ട് എന്നിവ ബാക്ക് അപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ചെറുതല്ലാത്ത കേടുപാടുകള്‍ വന്നത് കാരണം ഇത് വരെയായിട്ടും അതിന് സാധിച്ചില്ല. 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് റേഡിയഷനില്‍ നിന്ന് രക്ഷ നേടുന്നതിനായി താല്ക്കാലികമായി മാറി നില്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനങ്ങളോട് ഗവണ്‍മെന്റില്‍ നിന്നുള്ള മുന്നറിയിപ്പുകളെ ശ്രദ്ധിക്കാമെന്നറിയിച്ചിട്ടുണ്ട്.ഒബാമയടക്കം പുറംരാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു പാട് പേര്‍ ഞങ്ങള്‍ക്ക് പിന്തുണ നല്കുന്നുണ്ട്. ഞങ്ങള്‍ക്കൊപ്പം നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണമെന്നഭ്യര്‍ത്ഥിക്കുന്നു.

കാബിനറ്റ് മന്ത്രി എഡാനോ പറയുന്നു:


റേഡിയോആക്ടീവ് വസ്തുക്കളടങ്ങുന്ന മെറ്റാലിക് കണ്‍ടെയിനറിലല്ല, റിയാക്ടറിന്റെ പുറംചുമരിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്. മെറ്റാലിക് കണ്‍ടെയിനറിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന് ടി.ഇ.പി.സി.ഓ (ടോക്യോ എലക്ട്രിക് പവര്‍ കമ്പനി ലിമിറ്റഡ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. ചുറ്റുവട്ടത്ത് ചെറിയ തോതില്‍ റേഡിയേഷന്‍ പരന്നിട്ടുണ്ട്.



ടി.ഇ.പി.സി.ഓ അവശ്യം വേണ്ടുന്ന നടപടികളെടുത്തിട്ടുണ്ട്. റിയാക്ടര്‍ നിരീക്ഷിക്കുന്നതിനായി മതിതായ വിദഗ്ദരെ നിയോഗിച്ചിട്ടുണ്ട്. റിയാക്ടര്‍ നേരെയാക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. റിയാക്ടറിന്റെ മെറ്റാലിക് വെസ്സല്‍ ശീതികരിക്കുക എന്നുള്ളതാണ് ആദ്യപടി. 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് സുരക്ഷാര്‍ത്ഥം താല്കാലികമായി മാറിനില്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.