തടസ്സവാദം പൊളിയുന്നു
Posted on: 01 Nov 2012
പി.കെ.മണികണ്ഠന്‍
കൊച്ചി മെട്രോ പദ്ധതി ഏറ്റെടുത്തതായി ഡി.എം.ആര്‍.സി. റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ജോലിഭാരം തടസ്സമാണെന്ന് കേന്ദ്ര നഗരവികസനമന്ത്രി ഒരു വശത്ത്‌വാദിക്കുമ്പോള്‍, പദ്ധതി നേരത്തേ തന്നെ ഡി.എം.ആര്‍.സി. ഏറ്റെടുത്തതായി രേഖകള്‍ തെളിയിക്കുന്നു.
കൊച്ചി മെട്രോ നിര്‍മാണം തങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും ഇതിനകം 19 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഡി.എം.ആര്‍.സി.യുടെ 2010-11 ലെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രാഥമിക ജോലികള്‍ ഏറ്റെടുക്കാനായി 2011 മാര്‍ച്ച് 31 വരെ കേരളസര്‍ക്കാര്‍ 30.67 കോടി അനുവദിച്ചു. അതില്‍ 19.3 കോടി രൂപ ചെലവാക്കി. കേരള സര്‍ക്കാറുമായി കരാര്‍ ഒപ്പിടാനുള്ളതിനാല്‍ ഈ തുക പുറത്തുള്ള പദ്ധതിച്ചെലവായി മാത്രമേ കണക്കാക്കിയിട്ടുള്ളൂ- ഇതാണ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 41-ാം പേജില്‍ 26-ാം സൂചികയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ഒക്ടോബര്‍ 15-ന് ചേര്‍ന്ന ഡി.എം.ആര്‍.സി. യോഗത്തില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയാണ് കൊച്ചി മെട്രോയ്‌ക്കെതിരെ തടസ്സവാദമുന്നയിച്ചത്. എന്നാല്‍ 2011 സപ്തംബര്‍ ഏഴിന് സുധീര്‍കൃഷ്ണ എഴുതിയതാണ് റിപ്പോര്‍ട്ടിലെ ആമുഖ ലേഖനം. അദ്ദേഹം കൂടി അറിഞ്ഞുള്ളതാണ് കൊച്ചിമെട്രോ പദ്ധതി ഏറ്റെടുത്തതായുള്ള ഡി.എം.ആര്‍.സി. തീരുമാനമെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.
സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമനുസരിച്ച് കൊച്ചി മെട്രോ പദ്ധതി നിര്‍മാണം നേരത്തേതന്നെ ഏറ്റെടുത്തതായി ഡി.എം.ആര്‍.സി. ഇതുവഴി സമ്മതിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്ന സമയത്ത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചിരുന്നില്ല. അതേസമയം, പദ്ധതി ഏറ്റെടുത്തതിനെ ത്തുടര്‍ന്നുള്ള അനുബന്ധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) യാഥാര്‍ഥ്യമാവുകയും ചെയ്താല്‍ പിന്നീട് ഇരുബോര്‍ഡുകളും ധാരണാപത്രം ഒപ്പിടണമെന്നാണ് വ്യവസ്ഥ. സംസ്ഥാന സര്‍ക്കാറും ഈ ധാരണാപത്രത്തിന്റെ ഭാഗമാവും.
കരാര്‍ ഒപ്പിടല്‍ ബാക്കിയുണ്ടെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഡി.എം.ആര്‍.സി. പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ രണ്ടു കമ്പനി ബോര്‍ഡുകളും തമ്മിലുള്ള ധാരണാപത്രത്തെയാണ് സൂചിപ്പിക്കുന്നതെന്നും വ്യക്തം. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് പദ്ധതി നിര്‍മാണം ഏറ്റെടുക്കാനായി ഡി.എം.ആര്‍.സി.യോട് അഭ്യര്‍ഥിക്കുന്ന തീരുമാനമെടുക്കുകയാണ് വേണ്ടിയിരുന്നത്.
കൊച്ചിക്കു തടസ്സമായ വിവാദവ്യവസ്ഥകള്‍ ഇ.ശ്രീധരന്‍ നിര്‍ദേശിച്ചതാണെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കാനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു. ശ്രീധരന്‍ മാനേജിങ് ഡയറക്ടറായിരിക്കേ ഡി.എം.ആര്‍.സി. വ്യവസ്ഥകളടങ്ങുന്ന കുറിപ്പു തയ്യാറാക്കിയെന്നതു വാസ്തവം തന്നെയാണ്. എന്നാല്‍ പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുത്ത ശേഷം അതതു ഡയറക്ടര്‍ ബോര്‍ഡുമായി ഡി.എം.ആര്‍.സി. ധാരണാപത്രം ഒപ്പിടുമ്പോള്‍ മാത്രമേ ഇതൊക്കെ ബാധകമാവൂ. ഇത്തരം വ്യവസ്ഥകള്‍ സ്വാഭാവികവുമാണ്. ചര്‍ച്ചകളുടെ അടിസ്ഥാനത്തിലേ ഇക്കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കൂ. പുറത്തുള്ള പദ്ധതി ഏറ്റെടുക്കണമെങ്കില്‍ ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡ് മുന്‍കൂട്ടി തീരുമാനിക്കണമെന്ന ഒക്ടോബര്‍ 15-നുള്ള തീരുമാനവും ശ്രീധരന്‍ നേരത്തേ നിര്‍ദേശിച്ച വ്യവസ്ഥയും ഒരുപോലെ കണക്കാക്കാനുമാവില്ല.