തമിഴകത്തെ നടുക്കി; രണ്ട് മരണം
Published on 01 Nov 2012
കെ.കെ. സുരേഷ്‌കുമാര്‍
ചെന്നൈ: ചെന്നൈ ഉള്‍പ്പെടെയുള്ള കടലോര ജില്ലകളില്‍ ആഞ്ഞടിച്ച 'നീലം' കൊടുങ്കാറ്റ് തമിഴകത്തെ നടുക്കി. പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി ഒരാളും കടലില്‍ വീണ് കപ്പല്‍ ജീവനക്കാരനും മരിച്ചു. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ ചെന്നൈയ്ക്ക് സമീപം മഹാബലിപുരം തീരത്തുകൂടെയാണ് കടലോര ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ കൊടുങ്കാറ്റ് കരയിലേക്ക് കടന്നത്.
കൊടുങ്കാറ്റില്‍ മുംബൈയില്‍നിന്ന് എത്തിയ എണ്ണക്കപ്പല്‍ ദിശതെറ്റി ബസന്ത് നഗര്‍ ബീച്ചില്‍ ഇടിച്ചുകയറി. കപ്പലിലുണ്ടായിരുന്ന 37 പേരെ തീരദേശസേനയുടെ ബോട്ടിലേക്ക് മാറ്റുമ്പോള്‍ കടലില്‍വീണ് ഒരാളെ കാണാതായി. ഇയാളുടെ മൃതദേഹം കണ്ടെത്തി. 15 പേരെ രക്ഷപ്പെടുത്തി.
കടലില്‍ കാണാതായ ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത കാറ്റിനെയും മഴയെയും തുടര്‍ന്ന് ചെന്നൈ തുറമുഖത്ത് നിര്‍ത്തിയിട്ടിയിരുന്ന 12 കപ്പലുകള്‍ നടുക്കടലിലേക്ക് മാറ്റി. ചെന്നൈ തുറമുഖത്തേക്ക് വന്നുകൊണ്ടിരുന്ന വേറെ 14 കപ്പലുകളോട് നടുക്കടലില്‍ തന്നെ നങ്കൂരമിടാന്‍ തുറമുഖഅധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തീരദേശത്തുകൂടി ഓടുന്ന രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ ബുധനാഴ്ച റദ്ദുചെയ്തു.
കാറ്റിനുമുമ്പുണ്ടായ മഴയില്‍ പൊട്ടിവീണ വൈദ്യുതകമ്പിയില്‍ ചവിട്ടി തിരുവള്ളൂരില്‍ ഒരാള്‍ മരിച്ചു. കുണ്ടുവേലിലുള്ള കര്‍ഷകയുവാവാണ് മരിച്ചത്.
പുതുച്ചേരി, ചെന്നൈ മുതല്‍ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ വരെ കാറ്റിന്റെ പ്രത്യാഘാതമുണ്ടായി. ഇവിടങ്ങളിലെല്ലാം വ്യാപകമായി മരങ്ങള്‍ കടപുഴകിവീണു. കരയിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ വേഗം 55 കി.മീ മുതല്‍ 60 കി.മീ. വരെയായിരുന്നു. കാറ്റ് കരയിലേക്ക് കടന്നതോടെ ആ പ്രദേശങ്ങളില്‍ കനത്ത മഴയും ആരംഭിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പലയിടങ്ങളിലും അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌ക്യൂ സര്‍വീസ്, പോലീസ് ഫയര്‍ സര്‍വീസ് സേനാംഗങ്ങള്‍ എന്നിവര്‍ അതീവജാഗ്രതയോടെ രംഗത്തുണ്ടായിരുന്നു.
'നീലം' കൊടുങ്കാറ്റിന്റെ മൂന്നോടിയായി തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ രാവിലെമുതല്‍ ശക്തമായ കാറ്റ് വീശിത്തുടങ്ങിയിരുന്നു. കടലില്‍ തിരമാലകള്‍ അഞ്ചടിവരെ ഉയര്‍ന്നപ്പോള്‍ തീര പ്രദേശങ്ങളിലെ കുടിലുകളിലും വെള്ളം കയറി.
ചെന്നൈയില്‍ മറീനാ ബീച്ചിനോട് ചേര്‍ന്നുള്ള പട്ടിനപാക്കം, കാര്‍ഗില്‍ നഗര്‍, കല്‍പാക്കം ആണവ നിലയത്തോട് ചേര്‍ന്നുള്ള തീരപ്രദേശങ്ങള്‍, കടലൂര്‍ ജില്ലയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ദിവസമാകെ നീണ്ടുനിന്ന കൊടുങ്കാറ്റ് വിശീ.
ചെന്നൈയില്‍ മറീനാ ബീച്ചില്‍ ആളുകള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും നിരോധിച്ചിരുന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീതിയേറിയ തീരവുംകടന്ന് കാമരാജ് ശാലയിലേക്ക് വരെ തിരമാലകള്‍ വീശിയടിച്ചു. മറീന ബീച്ച്, എലിയറ്റ്, കാശിമേട്, മഹാബലിപുരം ബീച്ചുകളിലും കാറ്റിന്റെയും കടല്‍ക്ഷോഭത്തിന്റെയും ആഘാതം രൂക്ഷമായിരുന്നു.