mathrubhumi
ദക്ഷിണകൊറിയയും അമേരിക്കയും സൈനികാഭ്യാസപ്രകടനം ആരംഭിച്ചു
ഉത്തരകൊറിയ മിസൈല്‍ വിന്യസിച്ചു
അടിയന്തരചര്‍ച്ച വേണമെന്ന് ചൈന
യോങ്‌പ്യോങ്: സംഘര്‍ഷം നിലനില്‍ക്കുന്ന മഞ്ഞക്കടലില്‍ ദക്ഷിണകൊറിയയും അമേരിക്കയും സൈനികാഭ്യാസപ്രകടനം ആരംഭിച്ചു. ഇതിന് പ്രതികരണമായി ഉത്തരകൊറിയ അതിര്‍ത്തിയില്‍ ഭൂതലമിസൈല്‍ വിന്യസിച്ചു. മേഖലയില്‍ യുദ്ധഭീതിപരന്നതോടെ, സമാധാനശ്രമവുമായി ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈന രംഗത്തുവന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ ആണവപദ്ധതിസംബന്ധിച്ച് ഷഡ്കക്ഷിരാജ്യങ്ങള്‍ അടിയന്തരമായി ചര്‍ച്ചനടത്തണമെന്ന് ചൈന ആവശ്യപ്പെട്ടു.
നവംബര്‍ 23ന് ഉത്തരകൊറിയ യോങ്‌പ്യോങ് ദ്വീപില്‍ നടത്തിയ ഷെല്ലാക്രണത്തില്‍ രണ്ട് സൈനികരകടക്കം നാലുപേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇരുകൊറിയകളുംതമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായത്. ഇതിനുപിന്നാലെയാണ് ദക്ഷിണ കൊറിയയുടെ സഖ്യകക്ഷിയായ അമേരിക്ക സംയുക്ത സൈനികാഭ്യാസപ്രകടനത്തിനായി പടക്കപ്പലയച്ചത്. നേരത്തേ തീരുമാനിച്ചതായിരുന്നു സൈനികാഭ്യാസമെങ്കിലും ദ്വീപിനുനേരെയുണ്ടായ ആക്രമണത്തിനു തൊട്ടുപിന്നാലെ, ഞായറാഴ്ച അത് തുടങ്ങിയത് സ്ഥിതി വഷളാക്കിയിരിക്കുകയാണ്.
മഞ്ഞക്കടലില്‍ ഇരുകൊറിയകളുംതമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശത്തുനിന്ന് 125 കിലോമീറ്റര്‍ മാറിയാണ് അഭ്യാസം നടക്കുന്നത്.
എഴുപത്തഞ്ച് യുദ്ധവിമാനങ്ങളേയും ആറായിരം സൈനികരേയും വഹിച്ച അമേരിക്കയുടെ ആണവയുദ്ധക്കപ്പല്‍ യു.എസ്.എസ്. ജോര്‍ജ്‌വാഷിങ്ടണ്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. നാല് യുദ്ധക്കപ്പല്‍കുടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതൊടൊപ്പം ചേരുമെന്നും അമേരിക്കന്‍സേന അറിയിച്ചു. മൂന്ന് ആക്രമണക്കപ്പലുകളും യുദ്ധവിമാനങ്ങളും ദക്ഷിണകൊറിയ വിന്യസിച്ചിട്ടുണ്ട്. 1953ലെ കൊറിയന്‍യുദ്ധത്തിനുശേഷം ദക്ഷിണകൊറിയക്കെതിരെയുള്ള ഏറ്റവും മോശമായ ആക്രമണത്തിന് തടയിടാനാണ് സൈനിക അഭ്യാസം ആരംഭിച്ചതെന്ന് അമേരിക്ക പറയുന്നു.
അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും അഭ്യാസത്തിന് തിരിച്ചടി നല്‍കാനെന്നോണമാണ് മഞ്ഞക്കടലിലെ തര്‍ക്കമേഖല ലക്ഷ്യമാക്കി ഉത്തരകൊറിയ ഭൂതല-ഭൂതല മിസൈലുകള്‍ വിന്യസിച്ചത്. ദക്ഷിണകൊറിയ അതിര്‍ത്തിലംഘിച്ചാല്‍ തിരിച്ചടിക്കുമെന്ന് ആണവായുധശേഷിയുള്ള ഉത്തരകൊറിയ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. യോങ്‌പ്യോങ് ദ്വീപിലെ സ്ഥിതിഗതികള്‍ മോശമാണെന്നും ദീപ് വിട്ടുപോകണമെന്നും പത്രപ്രവര്‍ത്തകര്‍ക്ക് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം നിര്‍ദേശം നല്‍കി. നാട്ടുകാര്‍ മിക്കവരും
നേരത്തേതന്നെ ദ്വീപ് വിട്ടുപോയിട്ടുണ്ട്. നാലുപേരുടെ മരണത്തിനു കാരണമായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ദക്ഷിണകൊറിയയുടെ നാവികകമാന്‍ഡര്‍ വ്യക്തമാക്കി.
എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് ചൈന ഉറപ്പുനല്‍കി. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ചര്‍ച്ചാനിര്‍ദേശത്തെ ഗൗരവമായാണ് കാണുന്നതെന്ന് ദക്ഷിണകൊറിയ അറിയിച്ചു. കൊറിയന്‍പ്രശ്‌നത്തില്‍ സുതാര്യവും ഉത്തരവാദിത്വത്തോടെയുമുള്ള നിലപാട് സ്വീകരിക്കാന്‍ ചൈനയോട് ആവശ്യപ്പെടുന്നതായി പ്രസിഡന്റ് ലീ മ്യുങ് ബാക് അറിയിച്ചു. ദക്ഷിണകൊറിയ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് പ്രതിനിധിയോട് പ്രസിഡന്റ് സമാധനത്തിനുവേണ്ടി ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ഉത്തരകൊറിയയുടെ ആണവപദ്ധതിയെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കാളികളായ ആറ് രാജ്യങ്ങളിലേയും പ്രതിനിധികള്‍ ഡിസംബര്‍ ആദ്യവാരം ബെയ്ജിങ്ങില്‍ എത്തിച്ചേരണമെന്നാണ് ചൈന ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഷഡ്കക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാനല്ല ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞന്‍ വു ദവേയ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ ചെയര്‍മാന്‍ ചൊവ്വാഴ്ചമുതല്‍ ചൈന സന്ദര്‍ശിക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ ദായ് ബിന്‍ഗുവോവിനോട് സമാധാനശ്രമങ്ങള്‍ ശക്തമാക്കണമെന്ന് അഭ്യര്‍ഥിച്ചു.