മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Friday, 26 November 2010

ഗോതമ്പിലും ഏലത്തിലും മാരക കീടനാശിനി MATHRUBHUMI
Posted on: 27 Nov 2010

തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്യുന്ന ഗോതമ്പ്, ഏലം, കോളിഫ്‌ളവര്‍ എന്നിവയില്‍ മാരകമായ അളവില്‍ കീടനാശിനി കണ്ടെത്തിയതായി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. തലച്ചോറിനെയും കരളിനെയും ഗുരുതരമായി ബാധിക്കുന്ന വിഷാംശമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ദേശവ്യാപകമായി നടത്തിയ പരിശോധനയിലാണ് കേരളത്തില്‍ നിന്നെടുത്തിട്ടുള്ള മൂന്നിനങ്ങളുടെ മാതൃകകളില്‍ വിഷാംശമുണ്ടെന്ന് തെളിഞ്ഞത്.

വെള്ളായണി കാര്‍ഷികകോളേജ് ഉള്‍പ്പെടെ രാജ്യത്തെ 20 സ്ഥാപനങ്ങളിലെ പരീക്ഷണശാലകളിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പഞ്ചാബില്‍ നിന്നെത്തിച്ച് കേരളത്തില്‍ വിതരണം ചെയ്യുന്ന റേഷന്‍ ഗോതമ്പില്‍ 'ഫോറേറ്റ്' എന്ന കീടനാശിനിയുണ്ടെന്ന് തെളിഞ്ഞു. ഗോതമ്പില്‍ ഫോറേറ്റ് ഉണ്ടാകാന്‍ പാടില്ലെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം. എന്നാല്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ഒരു കിലോഗ്രാം ഗോതമ്പില്‍ 0.054 മില്ലിഗ്രാം ഫോറേറ്റ് ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു.

ഇടുക്കിയില്‍ ഉത്പാദിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്ന ഏലത്തില്‍ 'ക്വിനാല്‍ഫോസ്' എന്ന കീടനാശിനിയുടെ അംശമാണുള്ളത്. 0.01 മില്ലിഗ്രാം/ കിലോഗ്രാം ആണ് ക്വിനാല്‍ഫോസിന്റെ അനുവദനീയമായ അളവ്. ഏലം സാമ്പിളില്‍ ഇത് രണ്ടരഇരട്ടിയിലധികമുണ്ടായിരുന്നു. ഊട്ടിയില്‍ ഉത്പാദിപ്പിച്ച് ഇവിടെ വിതരണം ചെയ്യുന്ന കോളിഫ്‌ളവറില്‍ 'ക്ലോറോപൈറിപോസ്' എന്ന കീടനാശിനിയുടെ അംശം കണ്ടെത്തി. 0.01 ആണ് അനുവദനീയമായ അളവ്. കോളിഫ്‌ളവറില്‍ ഇത് അഞ്ചിരട്ടിയിലധികമുണ്ടെന്ന് തെളിഞ്ഞു.

ഫോറേറ്റ്, ക്വിനാല്‍ഫോസ്, ക്ലോറോപൈറിപോസ് എന്നീ കീടനാശിനികള്‍ അളവിലധികം ശരീരത്തില്‍ എത്തിയാല്‍ തലച്ചോറിനെയും കരളിനെയും ബാധിക്കും. പലപ്പോഴും ഇത് മാരകമാവാനും സാധ്യതയുണ്ട്. നാസിക്കില്‍ ഉത്പാദിപ്പിക്കുന്ന മുന്തിരി, ഹിമാചലിലെ സോണിപത്തില്‍ നിന്നുള്ള ആപ്പിള്‍, അമേരിക്കയില്‍ നിന്നുള്ള ഓറഞ്ച്, ചൈനയില്‍ നിന്നുള്ള സബര്‍ജല്ലി എന്നിവയിലും കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടില്ലെങ്കിലും ഈ സ്ഥലങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് പഴവര്‍ഗങ്ങള്‍ കേരളത്തിലെ വിപണിയില്‍ എത്തുന്നുണ്ട്.

വിളവെടുപ്പിന് നിശ്ചിത കാലാവധിയ്ക്ക് മുമ്പ് മാത്രമേ കീടനാശിനി ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിബന്ധന തെറ്റിക്കുന്നതാണ് വിപണിയിലെത്തുമ്പോഴും വിഷാംശം നഷ്ടപ്പെടാതെ ശേഷിക്കുന്നതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. കീടനാശിനി ഉപയോഗിക്കുന്നതിനെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ഉപ്പുവെള്ളത്തില്‍ കഴുകാം അപകടം ഒഴിവാക്കാം


ധാന്യങ്ങളും പച്ചക്കറികളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും. ശുദ്ധജലത്തില്‍ പലതവണ കഴുകിമാത്രം ഇവ ഉപയോഗിക്കണം. ഗോതമ്പ്, കോളിഫ്‌ളവര്‍ തുടങ്ങിയവ ഉപ്പുവെള്ളത്തില്‍ കുറച്ചുനേരം മുക്കിവെക്കുന്നതും കഴിയുമെങ്കില്‍ സിന്തറ്റിക് വിനാഗരിയില്‍ കഴുകുന്നതും കീടനാശിനിയുടെ അംശം തീര്‍ത്തുമില്ലാതാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധനും മുന്‍ ഗവണ്‍മെന്റ് പബ്ലിക് അനലിസ്റ്റുമായ എ.ഭദ്രന്‍ പറയുന്നു. സിന്തറ്റിക് വിനാഗരി കുറഞ്ഞ ചെലവില്‍ വാങ്ങാന്‍ കഴിയും. കീടനാശിനിയുടെ ഉപയോഗത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധമില്ലാത്തതാണ് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.