മലയാളം നിര്‍ബന്ധിതമാക്കണം
ഡോ. ജോര്‍ജ് ഇരുമ്പയം
കേരളത്തിലുള്ള എല്ലാതരം സ്‌കൂളുകളിലും മലയാളത്തെ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിക്കൊണ്ട് കേരള സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കുകയും തുടര്‍ന്ന് ബില്ലവതരിപ്പിച്ച് അത് നിയമമാക്കുകയും വേണമെന്ന് അഭ്യര്‍ഥിക്കുന്നു. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലും ഹയര്‍ സെക്കന്‍ഡറിയിലും മലയാളത്തിന് ആ പദവി നല്‍കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും മറ്റും തമിഴ്‌നാട്ടിലെപ്പോലെ സംസ്ഥാന ഭാഷയുടെ ഒരു പേപ്പര്‍ നിര്‍ബന്ധിതമാക്കുകയും വേണം. കര്‍ണാടകയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമൊക്കെ സംസ്ഥാന ഭാഷയെ നിര്‍ബന്ധിത ഒന്നാംഭാഷയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കര്‍ണാടകയില്‍ കന്നഡ മാത്രമാണ് സ്‌കൂള്‍ തലത്തില്‍ നിര്‍ബന്ധിതമെന്നും അതിനുപുറമെ ഏതെങ്കിലും രണ്ടു ഭാഷകള്‍ കൂടി പഠിക്കണമെന്നുമാണ് വ്യവസ്ഥയെന്നറിയുന്നു. ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധിതമല്ല. എന്നാല്‍ കേരളത്തില്‍ ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായും പഠിക്കണം; മലയാളം വേണമെങ്കില്‍ ഒഴിവാക്കാം എന്ന വിചിത്രമായ അവസ്ഥയാണുള്ളത്.
മഹാരാഷ്ട്രയിലെ എല്ലാ തരം സ്‌കൂളുകളിലും മറാത്തി നിര്‍ബന്ധമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍, ഗുജറാത്തി ന്യൂനപക്ഷ സ്‌കൂളധികൃതര്‍ അതിനെ ചോദ്യം ചെയ്തുകൊണ്ടു സുപ്രീംകോടതിവരെ പോയി. തങ്ങളുടെ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും ഹിന്ദിക്കും ഗുജറാത്തിക്കും പുറമെ മറാത്തി കൂടി പഠിപ്പിക്കുക ത്രിഭാഷാപദ്ധതിക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് അവര്‍ വാദിച്ചു. ആ വാദം തള്ളിക്കൊണ്ട് 2004 ജൂണ്‍ അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വളരെ ശ്രദ്ധേയമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ പോലും സംസ്ഥാന ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കുന്നത് ന്യൂനപക്ഷാവകാശങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് മാത്രമല്ല, ദേശീയോദ്ഗ്രഥനത്തിന് ആവശ്യവുമാണെന്ന് സുപ്രീംകോടതി വിധിച്ചു. അന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ്. രാജേന്ദ്രബാബുവും ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണനും ജസ്റ്റിസ് ജി.പി. മാഥൂറുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
മറ്റൊരുസംസ്ഥാനത്തു താമസിക്കുമ്പോള്‍ അവിടത്തെ ഭാഷ കൂടി പഠിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം മുഖ്യധാരയില്‍ നിന്നുള്ള അകന്നുപോകലും ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ വിഘടനവും സംഭവിക്കുമെന്നും വിധിയില്‍ പറയുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ തനിമ നശിപ്പിക്കാതെ സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുനന്മലക്ഷ്യമാക്കി ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും വിധി വ്യക്തമാക്കുന്നു. ഇതിനുശേഷം 2006-ല്‍, തമിഴ്‌നാട്ടിലെ സ്‌കൂളുകളിലെല്ലാം ഒന്നു മുതല്‍ പത്ത്‌വരെ ക്ലാസുകളില്‍ തമിഴ് പ്രഥമ നിര്‍ബന്ധിത ഭാഷയാക്കിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോഴും ഭാഷാന്യൂനപക്ഷക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു നിരാശരായി മടങ്ങി. കന്യാകുമാരി ജില്ലയിലെ മലയാള സമാജക്കാരും കന്യാകുമാരി യോഗക്ഷേമസഭക്കാരുമാണ് ആദ്യം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി പരാജയപ്പെട്ടു പിന്‍വാങ്ങിയത്. തമിഴ്‌നാട്ടില്‍ ഇംഗ്ലീഷ് നിര്‍ബന്ധിത രണ്ടാം ഭാഷയാണ്. തമിഴോ ഇംഗ്ലീഷോ മാതൃഭാഷയല്ലാത്തവര്‍ക്ക് അവരുടെ മാതൃഭാഷ മൂന്നാംഭാഷയായി പഠിക്കാം. മേല്പറഞ്ഞ വിധികളുടെ വെളിച്ചത്തില്‍ കേന്ദ്രീയവിദ്യാലയങ്ങള്‍ തന്നെയും പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭാഷ പഠിപ്പിക്കേണ്ടതാണ്. ഇപ്പോള്‍ ഇംഗ്ലീഷും ഹിന്ദിയും സംസ്‌കൃതവുമാണല്ലോ പഠിപ്പിക്കുന്നത്. അതു ഭരണഘടനാവിരുദ്ധവും സുപ്രീംകോടതി വിധിക്ക് എതിരുമാണ്. വ്യത്യസ്തമായ മുന്‍ വിധികള്‍ക്ക് പുതിയ വിധി വരുമ്പോള്‍ പ്രാബല്യം നഷ്ടപ്പെടുമല്ലോ.
തമിഴ്‌നാട്ടിലേതുപോലുള്ള നിയമമാണ് കേരളത്തിലും വരേണ്ടത്. മലയാളം ഒന്നാം ഭാഷയും ഇംഗ്ലീഷ് രണ്ടാം ഭാഷയും ആയി എല്ലാ തരം സ്‌കൂളുകളിലും (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., കേന്ദ്രീയവിദ്യാലയം, മറ്റു ഇംഗ്ലീഷ് മാധ്യമ സ്‌കൂളുകളുകള്‍, ഓറിയന്റല്‍ സ്‌കൂളുകള്‍, തമിഴ് സ്‌കൂളുകള്‍ തുടങ്ങിയവ) നിര്‍ബന്ധമായി പഠിപ്പിക്കുക. മൂന്നാം ഭാഷ തമിഴോ കന്നഡയോ ഹിന്ദിയോ അറബിയോ ഉര്‍ദുവോ മറ്റേതെങ്കിലുമോ ആകാമെന്നുവെക്കുക. നാലാമതൊരു ഭാഷകൂടി പഠിക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള അവസരവും നല്‍കാം. (തമിഴ്‌നാട്ടില്‍ അതിനു സാധിക്കില്ലെന്നാണറിവ്.) അപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഭാഷകള്‍ പഠിക്കാന്‍ കഴിയും.
ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി അടിച്ചേല്പിക്കാനുള്ള ഒരു നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായി 2010 ഒക്ടോബര്‍ 20 ലെ പത്രങ്ങളില്‍ കണ്ടു. കൊച്ചുകുട്ടികളുടെ പഠനഭാരവും പുസ്തകച്ചുമടും ഇനിയും വര്‍ധിപ്പിക്കുന്ന ഈ നീക്കത്തെ കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കണം. ഉത്തരേന്ത്യയില്‍ ഹിന്ദി മാത്രവും മറ്റിടങ്ങളില്‍ മൂന്നോ നാലോ ഭാഷകളും എന്ന മധുരമനോഹരമായ ത്രിഭാഷാ പദ്ധതിയാണല്ലോ ഇന്ത്യയില്‍ നടമാടുന്നത്. ഇതിനെതിരെ പോരാടുകതന്നെ വേണം. നഴ്‌സറി തലത്തില്‍ മലയാളം മാത്രം മതിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കണം.
(മലയാള സംരക്ഷണവേദി പ്രസിഡന്റാണ് ലേഖകന്‍)from Mathrubhumi