മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Monday, 5 December 2011

മുല്ലപ്പെരിയാര്‍: മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ച്ചില്‍ പരിഗണിക്കും

മുല്ലപ്പെരിയാര്‍: മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ച്ചില്‍ പരിഗണിക്കും
Posted on: 05 Dec 2011

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ച്ചിലേക്ക് മാറ്റി. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കമ്മീഷന്‍ വിഷയം പരിഗണിക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഫുള്‍ബഞ്ചാണ് തീരുമാനം എടുത്തത്.

കേരളത്തില്‍നിന്നുള്ള എം.പിമാരുടെ സംഘം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ വിഷയം ഫുള്‍ ബഞ്ചിന് വിടാന്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഫിബ്രവരി 29 നകം ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.

Wednesday, 30 November 2011

മുല്ലപ്പെരിയാര്‍: മുന്‍കരുതല്‍ എടുക്കണമെന്ന് ഹൈക്കോടതി

മുല്ലപ്പെരിയാര്‍: മുന്‍കരുതല്‍ എടുക്കണമെന്ന് ഹൈക്കോടതി
Posted on: 30 Nov 2011

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വ്യക്തമായ പദ്ധതി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ട് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇതുസംബന്ധിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ വൈകുന്നതെന്നും കോടതി ആരാഞ്ഞു. ഡിസംബര്‍ രണ്ടിനകം ദുരന്ത നിവാരണത്തിന് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച നടപടികള്‍ വേഗത്തില്‍ ചെയ്യണമെന്നും മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കുളമവ്, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാണെന്നും ഇതിനുവേണ്ടി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വെള്ളപ്പൊക്കം: 
വൈഗൈ നദിയിലെ ചെക്ക് ഡാം തകര്‍ന്നു
Posted on: 30 Nov 2011

മധുര: വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈഗൈ നദിയിലെ ഡാം തകര്‍ന്നു. രാമനാഥപുരം ജില്ലയിലെ നന്ദി വലസൈ വില്ലേജില്‍ ഒന്‍പത് മാസം മുമ്പ് നിര്‍മ്മിച്ച ചെക്ക്ഡാമാണ് ഇന്നലെ തകര്‍ന്നത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

കുടിവെള്ളപദ്ധതിക്കായാണ് 14 കോടി രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് ആരോപിച്ച് ഡാം നിര്‍മ്മാണ സമയത്തുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയിരുന്നു.

കളക്ടര്‍ അരുണ്‍ റോയിയുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കെ. രത്തിനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കാലപ്പഴക്കം മൂലം വിവാദത്തിലായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ടണല്‍ വഴി വൈഗൈ നദിയിലേക്കും വൈഗൈ അണക്കെട്ടിലേക്കും തമിഴ്‌നാട് ജലം എത്തിക്കുന്നുണ്ട്. 
 
 
കേരളാ എം.പിമാര്‍ മനുഷ്യാവകാശ കമ്മീഷനെ കണ്ടു
Posted on: 30 Nov 2011

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ നിവേദനം നല്‍കി. ഇക്കാര്യം പരിശോധിക്കാമെന്ന് എം.പിമാര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്് കെ.ജി. ബാലകൃഷ്ണന്‍ ഉറപ്പുനല്‍കുകയും ചെയ്തതായാണ് വിവരം.

അടുത്ത തിങ്കളാഴ്ച്ച ചേരുന്ന കമ്മിഷന്റെ സമ്പൂര്‍ണ യോഗമാകും വിഷയം പരിഗണിക്കുക. മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ എം.പിമാര്‍ക്ക് ഉറപ്പുനല്‍കിയതായി സംഘത്തിലുണ്ടായിരുന്ന പി.കരുണാകരന്‍ എം.പി. പറഞ്ഞു. 
 മുല്ലപ്പെരിയാര്‍: ദുരന്ത സാഹചര്യം നേരിടാന്‍ നടപടിയെന്ന്
  ന്യൂദല്‍ഹി:  മുല്ലപ്പെരിയാറില്‍ ദുരന്ത സാഹചര്യം നേരിടുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ദേശീയ ദുരന്ത പരിപാലന അതോറിറ്റിയെ ചുമലപ്പെടുത്തി
 

Saturday, 29 October 2011

പേര് നല്‍കാതെ വിവരാന്വേഷണത്തിന് വെബ്‌സൈറ്റ്


Posted on: 30 Oct 2011

പുണെ: വിവരാന്വേഷണ നിയമപ്രകാരം അപേക്ഷകള്‍ നല്‍കുന്നവര്‍ക്കെതിരെയുള്ള പകപോക്കല്‍ തടയാന്‍ അണ്ണ ഹസാരെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. പേരുവിവരങ്ങള്‍ നല്‍കാതെ അപേക്ഷകന് ഇന്‍റര്‍നെറ്റ് വഴി വിവരാന്വേഷണം നടത്താനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയാണ് അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരത്തിന് ഇവര്‍ ശക്തിപകരുന്നത്. ആഗസ്തില്‍ ഡല്‍ഹിയില്‍ നടന്ന ഹസാരെയുടെ ഒമ്പത് ദിവസത്തെ ഉപവാസസമരത്തില്‍ പങ്കെടുത്ത ഐ.ഐ.ടി. ഖരക്പുര്‍ വിദ്യാര്‍ഥിയായ റിതേഷ് സിങ്, ആനന്ദ് ശര്‍മ, അവിനാശ് സിങ് എന്നിവരാണ് 'ആര്‍.ടി.ഐ. അനോണിമസ്' എന്ന ശീര്‍ഷകത്തില്‍ പുതിയ സംരംഭം തുടങ്ങിയിട്ടുള്ളത്.

http://getup 4 change/എന്ന് കമ്പ്യൂട്ടറില്‍ സബ്മിറ്റ് ആര്‍.ടി.ഐ. എന്ന് ഹോംപേജില്‍ ക്ലിക്ക് ചെയ്ത് വിവരാന്വേഷണം നടത്താനുതകുന്ന രീതിയിലാണ് 'സൈറ്റ്' തയ്യാറാക്കിയിട്ടുള്ളത്. വ്യാജ ഇ-മെയില്‍ അഡ്രസ്സിലും വിവരാന്വേഷണം നടത്താവുന്നതാണ്. വിവരാന്വേഷണത്തിനുള്ള അപേക്ഷ ലഭ്യമാകുന്നതോടെ ആവശ്യമായ നിയമവിവരങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ ശക്തമായ രീതിയില്‍ ഇത് അധികാരികളിലേക്ക് എത്തിക്കുന്ന ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചു. അണ്ണ ഹസാരെയുടെ കീഴിലുള്ള 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടനയുടെ വളണ്ടിയര്‍മാരുടെ പേരിലായിരിക്കും വിവരാന്വേഷണ നിയമപ്രകാരമുള്ള അപേക്ഷകള്‍ പിന്നീട് വകുപ്പ് അധികാരികള്‍ക്ക് നല്‍കപ്പെടുന്നത്. ഇതുകാരണം വിവരാന്വേഷണം നടത്തുന്നവര്‍ അവരുടെ ശരിയായ പേരും വിവരവും നല്‍കിയാലും ഇവരുടെ പേര്‍ പുറത്തുവരാത്തതുകാരണം പകപോക്കലിനെ ഭയക്കേണ്ട ആവശ്യവും ഇല്ലെന്ന് റിതേഷ് പറഞ്ഞു.

''അജ്ഞാതരുടെ അന്വേഷണങ്ങളും വളണ്ടിയര്‍മാരുടെ പേരിലായിരിക്കും സമര്‍പ്പിക്കപ്പെടുന്നത്. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടും രാഷ്ട്രീയക്കാരുടെയും മറ്റും ഭീഷണികള്‍ കാരണം സാധാരണക്കാര്‍ വിവരാന്വേഷണവുമായി മുന്നോട്ടുവരുന്നില്ല. ഇതിന് തയ്യാറായിട്ടുള്ള പലരെയും ആക്രമിക്കുക മാത്രമല്ല, ചിലര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും ഹസാരെയോടൊപ്പം ഒമ്പതുദിവസം ഉപവസിച്ചശേഷം ആസ്പത്രിയിലെ തീവ്രപരിചരണ ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്ന ഐ.ടി.ഐ. വിദ്യാര്‍ഥി റിതേഷ് പറഞ്ഞു. സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയ ഉടനെതന്നെ നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Monday, 12 September 2011

ഡല്‍ഹി സ്‌ഫോടനം:

  അന്വേഷണത്തിന് വിദേശ സഹായവും

* തെക്കുകിഴക്കന്‍ ഏഷ്യയിലെയും അമേരിക്കയിലെയും രഹസ്യാന്വേഷണ ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കത്തില്‍

* ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഫ്രീക്വന്‍സിയുള്ള രഹസ്യഫോണ്‍ നല്‍കും




ന്യൂഡല്‍ഹി:ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടി. ഹൈക്കോടതി സ്‌ഫോടനവുമായി ബന്ധപ്പെട്ട സൂചനകള്‍ വിദേശ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

അമേരിക്കയിലേക്കുള്ള രഹസ്യാന്വേഷണ ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ ബന്ധമുള്ള ആഭ്യന്തര സംഘടനകളാണോ, വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണോ സ്‌ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷിക്കുന്നത്. ചില പ്രധാനപ്പെട്ട സൂചനകള്‍ കിട്ടിയെങ്കിലും അവയുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞിരുന്നു. നിസ്സാരമെന്ന് തോന്നുന്ന വിവരങ്ങള്‍ പോലും തള്ളുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇ-മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്വേഷണസംഘം വിദേശ ഏജന്‍സികളുടെ സഹായം തേടുന്നുണ്ട്. അഹമ്മദാബാദില്‍ സ്‌ഫോടനം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി അയച്ച ഇ-മെയില്‍ മോസ്‌കോയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായവും ദേശീയ അന്വേഷണ ഏജന്‍സി തേടുന്നുണ്ട്. സിഗ്‌നല്‍ ഇന്റലിജന്‍സും കോഡുഭാഷയും കൃത്യമായി തിരിച്ചറിയുന്നതിനും വിദേശ ഏജന്‍സികള്‍ സഹായിക്കുന്നുണ്ട്.

അതേസമയം, ഭീകരാക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലും സുഗമവുമായ ആശയവിനിമയം ഉറപ്പുവരുത്താന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഫ്രീക്വന്‍സിയുള്ള രഹസ്യഫോണ്‍ (എന്‍ക്രിപ്റ്റഡ് ഫോണ്‍) നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ടെലിഫോണ്‍ ലൈനുകളിലെ വന്‍തിരക്ക് ആശയവിനിമയത്തെ ബാധിക്കാതിരിക്കാനാണിത്. ഇതിനായി സുരക്ഷിതമായ മൊബൈല്‍ സമ്പ്രദായം ഒരുക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകാതെ ഉന്നതതല യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ടെലിഫോണ്‍ ലൈനുകള്‍ സ്തംഭിക്കാറുണ്ട്. ഇതൊഴിവാക്കാന്‍ പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സവിശേഷവും സുരക്ഷിതവുമായ മൊബൈല്‍ ഫോണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. പ്രത്യേക ഫോണ്‍ നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിലെ യോഗത്തില്‍ തയ്യാറാക്കും. ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തമ്മിലെ സംഭാഷണം ചോരാതിരിക്കാന്‍ സുരക്ഷാ സംവിധാനമുണ്ടാകും.
 
ഭീകരത നേരിടാന്‍ കര്‍ക്കശ നടപടി വേണം- പ്രധാനമന്ത്രി



ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനം നേരിടുന്നതിന് കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ വേണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു.

''മുംബൈ സ്‌ഫോടനത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ ചില നടപടികളെടുത്തെങ്കിലും പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരമുണ്ടായില്ല. ചില വിഷയങ്ങള്‍ ഇനിയും ബാക്കിയുണ്ട്. സുരക്ഷാസംവിധാനത്തിലെ പിഴവുകളാണ് ഭീകരര്‍ മുതലെടുക്കുന്നത്''- രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് മടങ്ങിവരവെ, പ്രധാനമന്ത്രി വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്ലാ മാസവും ആഭ്യന്തരമന്ത്രി രാജ്യത്തെ സുരക്ഷാസ്ഥിതിഗതികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി രൂപവത്കരിച്ചത് ശക്തമായ ഭീകരവിരുദ്ധ നീക്കത്തിന്റെ തുടക്കമാണ്. ദേശീയ ഭീകരവിരുദ്ധ കേന്ദ്രം പോലുള്ളവ തുടങ്ങുന്നതിന് ഉടന്‍ നടപടിയെടുക്കും.

തീസ്ത നദീജല പ്രശ്‌നത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ മമത എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മന്ത്രി ദിനേശ് ത്രിവേദിയാണ് മമതയുടെ വിയോജിപ്പ് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ദേശരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ മമതയുമായി ചര്‍ച്ച നടത്താന്‍ അയച്ചിരുന്നു. മമത പറഞ്ഞതും ശിവശങ്കര്‍ മേനോന്‍ മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ബംഗ്ലാദേശുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ മമത എന്നോടൊപ്പം ധാക്കയിലേക്ക് വരുന്നില്ലെന്നുള്ള കാര്യം പിന്നീടാണ് മനസ്സിലായത്. പശ്ചിമബംഗാളിന്റെ താത്പര്യത്തിന് വിരുദ്ധമായി ഒന്നുംതന്നെ കേന്ദ്രസര്‍ക്കാര്‍ ചെയ്യില്ല.

'വോട്ടിന് കോഴ' വിവാദത്തില്‍ അമര്‍സിങ്ങിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. അഴിമതി ഒരു ദേശീയ വിപത്താണ്. അത് നേരിടുന്നതില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം.

''ഗുജറാത്തിലെ ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത് ശരിയല്ല. ഒരു സംസ്ഥാനത്തെ വിഷയം നിയമം നിര്‍മിക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ തടസ്സപ്പെടുത്തുന്നതിന് ഉപയോഗിക്കരുത്. വിഷയം കോടതിയുടെ പരിഗണനയിലാണ്. ആ തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കാം''-പ്രധാനമന്ത്രി വ്യക്തമാക്കി.

Sunday, 13 March 2011

ജപ്പാന്‍ തിരിച്ചുവരും

ജപ്പാന്‍ തിരിച്ചുവരും
Posted on: 13 Mar 2011



ടോക്യോവിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എ.പി.എസ്. മണി എഴുതുന്നു


മുപ്പത്തിയഞ്ച് വര്‍ഷമായി ജപ്പാനിലെ ടോക്യോയിലാണ് ഞാന്‍. ഈ മണ്ണും ഇവിടത്തെ ആളുകളും എനിക്കും എന്റെ കുടുംബത്തിനും അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഞങ്ങളുടെ ജീവന്റെ ഭാഗം തന്നെയാണത്.

ഭൂകമ്പങ്ങള്‍ ജപ്പാന് അപരിചിതമല്ല. എല്ലാം മാസവും അവ ഉണ്ടാകാറുണ്ട്. ദുര്‍ബലമായിരിക്കുമെന്ന് മാത്രം. വെള്ളിയാഴ്ചത്തെ ഭൂകമ്പം സമാനതയില്ലാത്തതായിരുന്നു. അങ്ങേയറ്റം തീവ്രതയോടെ ഭൂമി ശക്തിയായി കുലുങ്ങി. തുടര്‍ന്ന് വിനാശകാരിയായ സുനാമി അടിച്ചുയര്‍ന്നു.



വെള്ളിയാഴ്ചത്തെ ദുരന്തത്തില്‍ നിന്ന് ടോക്യോ നഗരം കരകയറിവരുന്നുണ്ട്. എന്നാല്‍, മിയാഗിയും സെന്‍ഡായിയും പോലുള്ള തീരപട്ടണങ്ങള്‍ സാധാരണ നിലയിലെത്താന്‍ വളരെ നാളെടുക്കും

1923-ല്‍ ഒരു ഭൂകമ്പമുണ്ടായിരുന്നു. ഇത്രയും തീവ്രമായിരുന്നില്ല അത്. അന്ന് യോകൊഹോമയിലെ 23 ഇന്ത്യക്കാര്‍ മരിച്ചു. അവിടെ താമസിച്ചിരുന്ന വ്യാപാരികളായിരുന്നു എല്ലാവരും. അവരുടെ ഓര്‍മ്മയ്ക്കായി നിലയ്ക്കാത്ത ഒരു ജലധാരയന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ജലധാര ശാന്തിയുടെ അടയാളമായി ഇപ്പോഴും നില്ക്കുന്നു.

പക്ഷേ, ജപ്പാന്‍കാര്‍ ധീരരാണ്. ജന്മനാ തന്നെ താത്ത്വികരും പ്രകൃതി ദുരന്തങ്ങളെ ഭയക്കാത്തവരും ശാന്തരും ദുരിതങ്ങളെ വളരെ വേഗം അതിജീവിക്കുന്നവരുമാണ്. ഓരോ വര്‍ഷവും ഒരു ഡസനിലധികം ശക്തിയേറിയ ചുഴലിക്കാറ്റും ഒട്ടേറെ ചെറുഭൂകമ്പങ്ങളും പ്രകൃതിദുരന്തങ്ങളും അഭിമുഖീകരിക്കുന്നവരാണ്. ഇത് ഏത് വന്‍ ദുരന്തത്തില്‍ നിന്നും കരകയാന്‍ അവര്‍ക്ക് പ്രാപ്തി നല്‍കുന്നു.



ആയിരത്തിലധികം ജപ്പാനീസുകാര്‍ എനിക്ക് സുഹൃത്തുക്കളായുണ്ട് ഇവിടെ. എനിക്കവരുമായി വളരെ നല്ല രീതിയിലുള്ള സ്‌നേഹബന്ധമാണുള്ളത്. ആഴ്ചയിലൊരിക്കല്‍ ഒരു ജാപ്പനീസ് സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച് സാമൂഹികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവ് എനിക്കുണ്ട്.

ഈ രാജ്യത്തിന്റെ പ്രകൃതിസൗന്ദര്യം വിവരണങ്ങള്‍ക്കതീതമാണ്. വളരെ സുന്ദരമാണ് ഈ രാജ്യത്തിന്റെ പ്രകൃതി. മനുഷ്യവിഭവശേഷി ആവശ്യത്തിനുണ്ടിവിടെ. മഴയും ധാരാളം. കഠിനാധ്വാനികളും അച്ചടക്കമുള്ളവരുമാണ് നാട്ടുകാര്‍. ഭൂകമ്പബാധിത മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നതു മാത്രമാണ് രാജ്യത്തിന്റെ ഏക പ്രശ്‌നം.

ഇന്ന് ജപ്പാനില്‍ 22,000 ഇന്ത്യക്കാരുണ്ട്. ടോക്യോയില്‍ മാത്രം 15,000 പേര്‍. ഇവിടെയുള്ള ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. ജപ്പാനിലെ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്‍റ് എന്ന നിലയില്‍ അവരില്‍ പലരുമായും ഞാന്‍ ഫോണ്‍വഴിയും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടു. ആര്‍ക്കും കുഴപ്പമില്ല. ടോക്യോയിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. വലിയ ഭൂകമ്പം നടന്ന സെന്തായിയില്‍ നൂറോളം ഇന്ത്യക്കാരുണ്ട്. അവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



അസാധാരണമായ മനോധൈര്യവും രാഷ്ട്രത്തോടുള്ള ആളുകളുടെ അര്‍പ്പണമനോഭാവും കൊണ്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് വളരെയെളുപ്പം കര കയറാന്‍ ജപ്പാന് കഴിയും. ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ ഞാനും കുടുംബവും പങ്കാളിയായി. ടോക്കിയോവിലെ ഇന്ത്യക്കാര്‍ ഞായറാഴ്ച പ്രത്യേകമായ ഒരു പ്രാര്‍ത്ഥനയോഗം നടത്തുന്നുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രി നവോത്തോ കാന്‍ പറയുന്നു:


ഭൂകമ്പം കഴിഞ്ഞ് 36 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. നടുക്കവും വിഷമവും വിട്ട് മാറിയിട്ടില്ല. പോലീസിനോടും എസ്.ഡി.എഫിനോടും സഹായിച്ച മറ്റുള്ളവരോടും ഞാന്‍ നന്ദി പറയുന്നു. ന്യൂക്ലിയാര്‍ റിയാക്ടര്‍ പ്രദേശത്തെത്തി അവിടുള്ളവരുമായി ഞാന്‍ സംസാരിച്ചു. മറ്റ് ദുരന്തബാധിത മേഖലകളിലും ഞാന്‍ പോവുകയുണ്ടായി. നാശനഷ്ടങ്ങള്‍ ഭീകരമായിരുന്നു.



ജീവന്‍രക്ഷാപ്രവര്‍ത്തനം അതിദ്രുതം നടക്കുന്നുണ്ട്. 20000 എസ്.ഡി.എഫ് പ്രവര്‍ത്തകര്‍ സഹായത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ജപ്പാനിലെല്ലായിടവും ദുരന്തബാധിതരെ സഹായിക്കുന്നതിനായി ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ന്യൂക്ലിയര്‍ റിയാക്ടര്‍ ഒന്ന്, രണ്ട് എന്നിവ ബാക്ക് അപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ചെറുതല്ലാത്ത കേടുപാടുകള്‍ വന്നത് കാരണം ഇത് വരെയായിട്ടും അതിന് സാധിച്ചില്ല. 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് റേഡിയഷനില്‍ നിന്ന് രക്ഷ നേടുന്നതിനായി താല്ക്കാലികമായി മാറി നില്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനങ്ങളോട് ഗവണ്‍മെന്റില്‍ നിന്നുള്ള മുന്നറിയിപ്പുകളെ ശ്രദ്ധിക്കാമെന്നറിയിച്ചിട്ടുണ്ട്.ഒബാമയടക്കം പുറംരാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു പാട് പേര്‍ ഞങ്ങള്‍ക്ക് പിന്തുണ നല്കുന്നുണ്ട്. ഞങ്ങള്‍ക്കൊപ്പം നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണമെന്നഭ്യര്‍ത്ഥിക്കുന്നു.

കാബിനറ്റ് മന്ത്രി എഡാനോ പറയുന്നു:


റേഡിയോആക്ടീവ് വസ്തുക്കളടങ്ങുന്ന മെറ്റാലിക് കണ്‍ടെയിനറിലല്ല, റിയാക്ടറിന്റെ പുറംചുമരിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്. മെറ്റാലിക് കണ്‍ടെയിനറിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന് ടി.ഇ.പി.സി.ഓ (ടോക്യോ എലക്ട്രിക് പവര്‍ കമ്പനി ലിമിറ്റഡ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. ചുറ്റുവട്ടത്ത് ചെറിയ തോതില്‍ റേഡിയേഷന്‍ പരന്നിട്ടുണ്ട്.



ടി.ഇ.പി.സി.ഓ അവശ്യം വേണ്ടുന്ന നടപടികളെടുത്തിട്ടുണ്ട്. റിയാക്ടര്‍ നിരീക്ഷിക്കുന്നതിനായി മതിതായ വിദഗ്ദരെ നിയോഗിച്ചിട്ടുണ്ട്. റിയാക്ടര്‍ നേരെയാക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. റിയാക്ടറിന്റെ മെറ്റാലിക് വെസ്സല്‍ ശീതികരിക്കുക എന്നുള്ളതാണ് ആദ്യപടി. 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് സുരക്ഷാര്‍ത്ഥം താല്കാലികമായി മാറിനില്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Wednesday, 23 February 2011

രണ്ടുരൂപയ്ക്കുള്ള അരി കൂടുതല്‍ പേര്‍ക്ക്

രണ്ടുരൂപയ്ക്കുള്ള അരി കൂടുതല്‍ പേര്‍ക്ക്
Posted on: 24 Feb 2011

തിരുവനന്തപുരം: ബി.പി.എല്‍, എ.പി.എല്‍ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും വ്യവസ്ഥകളോടെ രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചുകൊണ്ടുള്ള ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ ധനകാര്യവകുപ്പിന്റെ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളില്‍ രണ്ട് സ്റ്റേജിനപ്പുറമുള്ള അസാധാരണ വര്‍ധന ഒഴിവാക്കിയതാണ് പ്രധാന മാറ്റം.

രണ്ടുരൂപയ്ക്കുള്ള അരി പുതുതായി ഇരുപത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൂടി ലഭിക്കുമെന്ന് കരുതുന്നു. പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവരേയും അഞ്ചേക്കറിലധികം വസ്തു ഉള്ളവരേയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. ഇതില്‍ 20 ലക്ഷം പേര്‍ ബി.പി.എല്‍ കുടുംബങ്ങളാണ്. എ.പി.എല്‍ വിഭാഗത്തിലെ സംവരണ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. പ്രതിമാസം 35 കിലോ ഗ്രാം മുതല്‍ 15 കിലോ ഗ്രാം വരെ അരിയാണ് വിവിധ വിഭാഗങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് നല്‍കി വരുന്നത്. ഈ പദ്ധതിയാണ് ബി.പി.എല്‍, എ.പി.എല്‍ ഭേദമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമായി നടപ്പിലാക്കുന്നത്. കാല്‍ലക്ഷത്തിലധികം രൂപ പ്രതിമാസ വരുമാനമോ അഞ്ചേക്കറിലധികം ഭൂമിയോ ഉള്ളവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് വ്യക്തികള്‍ തന്നെ നല്‍കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ അംഗീകരിക്കും. പ്രതിമാസം 12 കോടി രൂപയാണ് ഈ പദ്ധതി നടപ്പിലാക്കാനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.

ശമ്പള പരിഷ്‌ക്കരണത്തിലെ അസാധാരണ വര്‍ധനവ് ഒഴിവാക്കുമ്പോള്‍ മൂവായിരത്തോളം ഉദ്യോഗസ്ഥരെ സംബന്ധിച്ച ശുപാര്‍ശകളാണ് മാറുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അപാകങ്ങളുണ്ടെങ്കിലും അത് വിശദമായ പരിശോധനകളിലൂടെയേ പരിഹരിക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അപാകങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. എല്ലാ ജീവനക്കാരുടേയും നിവേദനങ്ങളും പരാതികളും ഈ സമിതിയെ ഏല്‍പ്പിക്കും. ഏപ്രില്‍ ഒന്നിന് പുതിയ ശമ്പളം ലഭിച്ചുതുടങ്ങും.

Saturday, 5 February 2011

ഗൂഢാലോചന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് - ലീഗ്
Posted on: 06 Feb 2011

മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും മുസ്‌ലിംലീഗ് നേതൃത്വം.

ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ശനിയാഴ്ച രാവിലെ വിളിച്ചുകൂട്ടിയ നേതൃയോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിക്കെതിരെയും ചിലര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടന്നത്. മുസ്‌ലിം ലീഗിനെതിരായ ഓരോ നീക്കവും ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദ് ഞായറാഴ്ച എത്തിയശേഷം നേതൃയോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും -ഇ.ടി. പറഞ്ഞു.

ചാനലില്‍ വന്ന വെളിപ്പെടുത്തല്‍ തടയാന്‍ എം.കെ.മുനീര്‍ ശ്രമിച്ചില്ല എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചതിനെക്കുറിച്ചുള്ള ഇ.ടി.യുടെ പ്രതികരണം ഇങ്ങനെയായിരുന്നു- ''ഇന്ത്യാ വിഷന്‍ എടുത്തിട്ടുള്ള സമീപനവുമായി ബന്ധപ്പെട്ട് പറഞ്ഞതാണ്. ചാനലിന്റെ വെളിപ്പെടുത്തല്‍ തടയാന്‍ മുനീറിന് കഴിഞ്ഞില്ലെന്ന ഖേദം കുഞ്ഞാലിക്കുട്ടിക്കുണ്ടാകും . അത് പ്രകടിപ്പിച്ചതാണ്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല'' . ലീഗിന്റെ അകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നമായി മാറില്ല. ഇത്തരംപ്രശ്‌നങ്ങള്‍ നേരിടാന്‍ ലീഗ് ഒരു മാര്‍ഗരേഖ ഉണ്ടാക്കും. ചാനല്‍ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുനീറിന് അറിവുണ്ടായിരുന്നു എന്ന് ലീഗ് ഇപ്പോഴും കരുതുന്നില്ല. ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പലഭാഗത്തും നടക്കുന്നത് - ഇ.ടി. പറഞ്ഞു.

ഒരു ദിവസം കൂടി കാത്തിരിക്കാനും ചര്‍ച്ച നടത്തി പാര്‍ട്ടി തന്നെ എല്ലാകാര്യങ്ങളും പറയുമെന്നും യോഗത്തിനുശേഷം പുറത്തുവന്ന എം. കെ. മുനീര്‍ പറഞ്ഞു. രാവിലെ 8.45 ഓടെയാണ് യോഗം ചേര്‍ന്നത്. തങ്ങള്‍ അടിയന്തരമായി വിളിപ്പിച്ചതായിരുന്നു എല്ലാവരെയും. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി എന്നിവരാണ് പങ്കെടുത്തത്. ഇന്ത്യാവിഷന്‍ ചാനലില്‍ വന്ന പുതിയ വെളിപ്പെടുത്തല്‍ മുനീറിന് അറിയാമായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി മറ്റൊരു ചാനലിലൂടെ വെള്ളിയാഴ്ച വൈകുന്നേരം വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതികരണങ്ങളിലൂടെ കാര്യങ്ങള്‍ നിയന്ത്രണം വിടുമെന്ന് കണ്ടതോടെയാണ് ഹൈദരലി തങ്ങള്‍ അടിയന്തരമായി കുഞ്ഞാലിക്കുട്ടിയെയും മുനീറിനെയും വിളിച്ചുവരുത്തിയതെന്നാണ് സൂചന.