മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Saturday 5 February 2011

ഗൂഢാലോചന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് - ലീഗ്
Posted on: 06 Feb 2011

മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും മുസ്‌ലിംലീഗ് നേതൃത്വം.

ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ശനിയാഴ്ച രാവിലെ വിളിച്ചുകൂട്ടിയ നേതൃയോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിക്കെതിരെയും ചിലര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടന്നത്. മുസ്‌ലിം ലീഗിനെതിരായ ഓരോ നീക്കവും ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദ് ഞായറാഴ്ച എത്തിയശേഷം നേതൃയോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും -ഇ.ടി. പറഞ്ഞു.

ചാനലില്‍ വന്ന വെളിപ്പെടുത്തല്‍ തടയാന്‍ എം.കെ.മുനീര്‍ ശ്രമിച്ചില്ല എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചതിനെക്കുറിച്ചുള്ള ഇ.ടി.യുടെ പ്രതികരണം ഇങ്ങനെയായിരുന്നു- ''ഇന്ത്യാ വിഷന്‍ എടുത്തിട്ടുള്ള സമീപനവുമായി ബന്ധപ്പെട്ട് പറഞ്ഞതാണ്. ചാനലിന്റെ വെളിപ്പെടുത്തല്‍ തടയാന്‍ മുനീറിന് കഴിഞ്ഞില്ലെന്ന ഖേദം കുഞ്ഞാലിക്കുട്ടിക്കുണ്ടാകും . അത് പ്രകടിപ്പിച്ചതാണ്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല'' . ലീഗിന്റെ അകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നമായി മാറില്ല. ഇത്തരംപ്രശ്‌നങ്ങള്‍ നേരിടാന്‍ ലീഗ് ഒരു മാര്‍ഗരേഖ ഉണ്ടാക്കും. ചാനല്‍ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുനീറിന് അറിവുണ്ടായിരുന്നു എന്ന് ലീഗ് ഇപ്പോഴും കരുതുന്നില്ല. ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പലഭാഗത്തും നടക്കുന്നത് - ഇ.ടി. പറഞ്ഞു.

ഒരു ദിവസം കൂടി കാത്തിരിക്കാനും ചര്‍ച്ച നടത്തി പാര്‍ട്ടി തന്നെ എല്ലാകാര്യങ്ങളും പറയുമെന്നും യോഗത്തിനുശേഷം പുറത്തുവന്ന എം. കെ. മുനീര്‍ പറഞ്ഞു. രാവിലെ 8.45 ഓടെയാണ് യോഗം ചേര്‍ന്നത്. തങ്ങള്‍ അടിയന്തരമായി വിളിപ്പിച്ചതായിരുന്നു എല്ലാവരെയും. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി എന്നിവരാണ് പങ്കെടുത്തത്. ഇന്ത്യാവിഷന്‍ ചാനലില്‍ വന്ന പുതിയ വെളിപ്പെടുത്തല്‍ മുനീറിന് അറിയാമായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി മറ്റൊരു ചാനലിലൂടെ വെള്ളിയാഴ്ച വൈകുന്നേരം വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതികരണങ്ങളിലൂടെ കാര്യങ്ങള്‍ നിയന്ത്രണം വിടുമെന്ന് കണ്ടതോടെയാണ് ഹൈദരലി തങ്ങള്‍ അടിയന്തരമായി കുഞ്ഞാലിക്കുട്ടിയെയും മുനീറിനെയും വിളിച്ചുവരുത്തിയതെന്നാണ് സൂചന.