മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Tuesday 28 December 2010

ലഷ്‌കറെ ഭീകരരുടെ ലക്ഷ്യം കൊച്ചി



ലഷ്‌കറെ ഭീകരരുടെ ലക്ഷ്യം കൊച്ചി     
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ സൂചന


തൃശൂര്‍: കേരളത്തിലെത്തിയതായി സംശയിക്കുന്ന ലഷ്‌കറെ ഭീകരരുടെ ലക്ഷ്യം കൊച്ചിയാണെന്ന്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ സൂചന ലഭിച്ചു. ലഷ്‌കറെ ഭീകരര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ വ്യാപകമായ തെരച്ചില്‍ നടത്താന്‍ നിര്‍ദേശിച്ചു.

നവവത്സരാഘോഷങ്ങള്‍ക്കിടെ പ്രമുഖ നഗരങ്ങളിലും കേരളം-കര്‍ണാടക-ഗോവ സംസ്‌ഥാനങ്ങളിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന്‌ ഐ.ബി. മുന്നറയിപ്പ്‌ നല്‍കിയിരുന്നു. ലഷ്‌കറെ തോയ്‌ബ ഭീകരര്‍ ഡേവിസ്‌ കോള്‍മാന്‍ ഹെഡ്‌ലിയും തഹാവൂര്‍ ഹുസൈന്‍ റാണയും സന്ദര്‍ശനം നടത്തി ഫോട്ടോകളും റൂട്ട്‌ മാപ്പുകളും ശേഖരിച്ച പ്രദേശങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടാകാമെന്നാണ്‌ മുന്നറിയിപ്പ്‌. ഇതേത്തുടര്‍ന്നു കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം രാജ്യത്ത്‌ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

മുംബൈയില്‍ നാലു ഭീകരര്‍ കടല്‍മാര്‍ഗം എത്തുമെന്നു നേരത്തെ ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ലഷ്‌കറെ തോയ്‌ബ-ഹുജി ഭീകരരായ മെഹ്‌ഫൂസ്‌ ആലം, അബ്‌ദുള്‍ കരീം മൂസ, ന്യൂര്‍ അബു ഇല്ലാഹി, വാലിദ്‌ ജിന്ന എന്നിവര്‍ അക്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുമെന്നും ഇവര്‍ പറഞ്ഞു. ബംഗ്ലാദേശില്‍നിന്നു കടല്‍ മാര്‍ഗമാണ്‌ ഇവര്‍ മുംബൈ തീരത്തെത്തിയത്‌. മുംബൈയില്‍ നേരത്തെ ഭീകരാക്രമണം നടന്ന താജ്‌ ഹോട്ടലിനും ആഗ്രയിലെ താജ്‌മഹല്‍ ചരിത്ര സ്‌മാരകത്തിനും നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌.

ഇതേത്തുടര്‍ന്ന്‌, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ആരാധാനാലയങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സിനിമാശാലകള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലെത്തുന്ന സ്‌ഥലങ്ങളില്‍ മുംബൈ പോലീസ്‌ കര്‍ശന പരിശോധന നടത്തി. ഭീകരരുടെ രേഖാ ചിത്രമടക്കം ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. ഇവരെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നു നിര്‍ദേശമുണ്ട്‌. ഇതേത്തുടര്‍ന്നു പതിനഞ്ചോളം ഫോണ്‍കോളുകള്‍ പോലീസിനു ലഭിച്ചു. ഭീകരരില്‍ ഒരാളായ വാലിദ്‌ ജിന്ന തന്റെ കാറില്‍ മുംബൈയില്‍നിന്ന്‌ പുനെയിലേക്കു സഞ്ചരിച്ചെന്നും ഒരു ടാക്‌സി ഡ്രൈവര്‍ അറിയിച്ചു.

മുംബൈയില്‍ ബോര്‍വലി, മാഹിം, ബാന്ദ്ര എന്നിവിടങ്ങളിലാണു ഭീകരര്‍ തങ്ങിയതെന്നാണു വിവരം. ഇവരില്‍ ചിലര്‍ കര്‍ണാടകയിലേക്കും കേരളത്തിലേക്കും കടന്നെന്നും സൂചനയുണ്ട്‌. ഇന്ത്യയുടെ ഐ.ടി. നഗരമായ ബംഗളുരുവിലും അക്രമത്തിനു പദ്ധതിയുണ്ടെന്നു കര്‍ണാടക ഭീകര വിരുദ്ധ സ്‌ക്വാഡിനും സൂചന കിട്ടി. മുസ്ലിം വിരുദ്ധ നിലപാടുകളാണു ഭീകരരെ പ്രകോപിപ്പിക്കുന്നത്‌. ഇതേപ്പറ്റി സൂചനയുണ്ടെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയും വെളിപ്പെടുത്തി.

ബംഗളുരു സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ നടക്കുന്നതിന്റെയും ലഷ്‌കറെ തോയ്‌ബ ബന്ധമുള്ള പ്രമുഖര്‍ ബംഗളുരുവില്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ തിരിച്ചടിക്ക്‌ ഭീകരര്‍ പദ്ധതിയിട്ടതായി നേരത്തെ സൂചനയുണ്ടായിരുന്നു. മംഗലാപുരത്തും കവരത്തിയിലുമായി തമ്പടിച്ചിട്ടുള്ള ഭീകരര്‍ കേരളത്തിലും ഭീകരാക്രമണം നടത്തിയേക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. കൊച്ചി വല്ലാര്‍പ്പാടം അന്തര്‍ദ്ദേശീയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉദ്‌ഘാടനത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ കൊച്ചി ഭീകര പ്രസ്‌ഥാനങ്ങളുടെ അക്രമ ലക്ഷ്യമായിട്ടാണ്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കാണുന്നത്‌.