മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Saturday 1 January 2011

ഹെഡ്‌ലി ഐ.എസ്.ഐ. ചാരനെന്ന് വെളിപ്പെടുത്തല്‍

ജി.ടി വിത്തുകള്‍ ഉപയോഗിക്കാന്‍ സമയമായിട്ടില്ല: ചന്ദ്രപ്പന്‍
Posted on: 02 Jan 2011

തിരുവനന്തപുരം: ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു. കൂടുതല്‍ പഠനത്തിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂവെന്നാണ് സി.പി.ഐ നിലപാട്. ഓരോര്‍ത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയുവാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനിതക മാറ്റം വരുത്തിയ വിളകളോടുള്ള എതിര്‍പ്പ് അന്ധവിശ്വാസമാണെന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രപ്പന്‍.

ശനിയാഴ്ച കേരള പഠന കോണ്‍ഗ്രസ്സില്‍ 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എസ്.ആര്‍.പി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുകൂലമായി സംസാരിച്ചത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ കാര്‍ഷിക മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്‍ഷികാദായം വര്‍ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയ്ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും. എന്നാല്‍ ഇത്തരം വിത്തുകളുടെ ഉപയോഗത്തിനു മുമ്പ് എല്ലാവിധ സുരക്ഷാ പരിശോധനയും നടത്തണം'' അദ്ദേഹം പറഞ്ഞു.

വേദിയിലുണ്ടായിരുന്ന മുല്ലക്കര രത്‌നാകരന്‍ ഉടനെ എതിര്‍വാദവുമായി രംഗത്തെത്തിയിരുന്നു. എസ്.ആര്‍.പിയോട് ബഹുമാനപൂര്‍വം വിയോജിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് മുല്ലക്കര സംസാരിച്ചു തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ജനിതക ഗവേഷണത്തിനും ജൈവസാങ്കേതികവിദ്യയ്ക്കും എതിരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഹെഡ്‌ലി ഐ.എസ്.ഐ. ചാരനെന്ന് വെളിപ്പെടുത്തല്‍
Posted on: 01 Jan 2011

വാഷിങ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പാക് രഹസ്യ സംഘടനയായ ഐ.എസ്.ഐയുടെ ചാരനാണെന്നും മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഗൂഢാലോചന നടത്തിയതില്‍ ഹെഡ്‌ലിക്ക് വലിയ പങ്കുണ്ടെന്നും വെളിപ്പെടുത്തല്‍. അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ റൊട്ടെല്ലായുടെ വെബ്‌സൈറ്റായ 'പ്രോ പബ്ലിക്ക ഡോട് ഓര്‍ഗ്' ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഹെഡ്‌ലിയുടെ തീവ്രവാദബന്ധം സംബന്ധിച്ച പല വാര്‍ത്തകളും നേരത്തെ പുറത്തുവിട്ട വെബ്‌സൈറ്റാണിത്. പാക് ഭരണകൂടത്തിന് വേണ്ടി ചാരപ്പണി ചെയ്യുകയാണ് ഹെഡ്‌ലി ഇതുവരെയും ചെയ്തതെന്നും തീവ്രവാദികളേക്കാള്‍ അപകടകാരിയാണ് ഇയാളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും അമേരിക്കയും പ്രത്യേകമായി അന്വേഷണം നടത്തുന്ന ഭീകരാക്രമണ കേസിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയാണിപ്പോള്‍ ഹെഡ്‌ലി.

ഐ.എസ്.ഐ. മേധാവിയായ ലെ.കേണല്‍ അഹമ്മദ് ഷൂജ പാഷയ്ക്ക് മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്. സാഖി-ഉര്‍ റഹ്മാന്‍ ലഖ്‌വിയെ ഹെഡ്‌ലിയും പാഷയും കണ്ടിരുന്നതായും പാക് നാവികസേനയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മുംബൈ ഭീകരാക്രമണത്തിന് തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്തിയതെന്നും വെബ്‌സൈറ്റ് പറയുന്നു.

അമേരിക്കയുമായി ചേര്‍ന്ന് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് വരുത്തുകയും അതേസമയം പ്രമുഖ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുകയാണ് പാക് ഭരണകൂടം ചെയ്യുന്നതെന്നും അമേരിക്കയും ഇന്ത്യയും നടത്തിയ അന്വേഷണങ്ങളില്‍ ഈ നിഗമനം ശരിവെക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ പാക് ഭരണകൂടം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.