മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Friday 26 November 2010

ഐ.ജി. തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ വിജിലന്‍സ്‌ ശിപാര്‍ശ



'അവിഹിതസ്വത്ത്‌: ഐ.ജി. തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ വിജിലന്‍സ്‌ ശിപാര്‍ശ

 


കൊല്ലം: അവിഹിത സ്വത്തുസമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ഐ.ജി. ടോമിന്‍ തച്ചങ്കരിയെ വിചാരണ ചെയ്യാന്‍ വിജിലന്‍സ്‌ ശിപാര്‍ശ. ഇത്രയും ഉയര്‍ന്ന റാങ്കിലുള്ള പോലീസുദ്യോഗസ്‌ഥനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ ആദ്യമായാണു സര്‍ക്കാരിന്റെ അനുമതി തേടുന്നത്‌.

തച്ചങ്കരി അനധികൃതമായി ഒരുകോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്നാണു വിജിലന്‍സ്‌് കണ്ടെത്തല്‍. ഇതുസംബന്ധിച്ചു മൂന്നു കേസാണ്‌ എറണാകുളം വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ തച്ചങ്കരിക്കെതിരേ ചുമത്തിയത്‌. കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ വിഭാഗം തൃശൂര്‍ യൂണിറ്റിലെ അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ക്കു കൈമാറും.

2003 ജനുവരി ഒന്നുമുതല്‍ 2007 ജനുവരി നാലുവരെയുള്ള സര്‍വീസ്‌ കാലയളവില്‍ തച്ചങ്കരി വരുമാനത്തില്‍ കവിഞ്ഞ്‌ ഒരുകോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്നാണു വിജിലന്‍സ്‌ എസ്‌.പി: കെ.വി. ജോസഫിന്റെ റിപ്പോര്‍ട്ട്‌. ഇതുകൂടാതെ ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജിനത്തില്‍ രണ്ടുലക്ഷം രൂപയുടെയും സ്‌റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ അഞ്ചുലക്ഷം രൂപയുടെയും വെട്ടിപ്പു നടത്തിയതായാണു കണ്ടെത്തല്‍. അഴിമതി നിരോധനനിയമപ്രകാരമുള്ള കേസ്‌ കോടതിയില്‍ തെളിഞ്ഞാല്‍ അഞ്ചുവര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാം. തൃശൂര്‍ കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു വിജിലന്‍സ്‌ അന്വേഷണം. കേസില്‍ 26 മാസം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ തച്ചങ്കരിയെ പോലീസ്‌ ആസ്‌ഥാനത്തു നിയമിച്ചാണു സര്‍വീസില്‍ തിരിച്ചെടുത്തത്‌. വിവാദ വിദേശയാത്ര, ഗള്‍ഫില്‍ തീവ്രവാദബന്ധമുള്ളവരുമായി നടത്തിയ രഹസ്യചര്‍ച്ച എന്നീ ആരോപണങ്ങളുടെ പേരില്‍ അദ്ദേഹം വീണ്ടും സസ്‌പെന്‍ഷനിലായി.

ഈ കേസുകള്‍ ഇപ്പോള്‍ എന്‍.ഐ.എയുടെ അന്വേഷണത്തിലാണ്‌. ദോഹയിലെ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങിയതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന്‌, സസ്‌പെന്‍ഷനിലുള്ള തച്ചങ്കരിയെ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഡി.ജി.പിയുടെ അന്വേഷണറിപ്പോര്‍ട്ട്‌ പ്രകാരമായിരുന്നു നടപടി. എറണാകുളം വിജിലന്‍സ്‌ എസ്‌.പിയുടെ റിപ്പോര്‍ട്ട്‌ അടുത്തയാഴ്‌ച തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കും. സസ്‌പെന്‍ഷനിലുള്ള തച്ചങ്കരിയെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌ത ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ആരോപണമുണ്ട്‌. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ചീഫ്‌ സെക്രട്ടറിയോടു വിശദീകരണം തേടി.

-എസ്‌. നാരായണന്‍