മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Thursday 20 January 2011

പുതിയ ഭീഷണി 'കോംഗോ പനി'; ജാഗ്രതവേണമെന്ന് കേരളം
Posted on: 21 Jan 2011

തിരുവനന്തപുരം: ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കോംഗോ പനികൂടി ഭീഷണിയായി എത്തുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ മലായാളി നഴ്‌സ് ഉള്‍പ്പെടെ മൂന്നുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഒരു പുതിയ രോഗം കൂടി ആരോഗ്യ മേഖലയ്ക്ക് ഭീഷണിയാവുന്നു. കോംഗോ പനിയെക്കുറിച്ച് വിശദമായ പരിശോധനകളും അന്വേഷണവും വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പത്തനംതിട്ട ഓതറ സ്വദേശിയായ ആശ എന്ന നഴ്‌സാണ് അഹമ്മദാബാദില്‍ മരിച്ചത്. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം വന്നതോടെയാണ് രോഗകാരണം കോംഗോ വൈറസാണെന്ന് കണ്ടെത്തിയത്.

രോഗിയായെത്തിയ സ്ത്രീയും അവരെ ചികിത്സിച്ച ഡോക്ടറും നേരത്തെ മരിച്ചു. ആശയും ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നു. ഡോക്ടറുടെ ഭാര്യയും കുട്ടിയും ഗുരുതരനിലയില്‍ ചികിത്സയിലാണ്. നേരത്തെ മരിച്ച സ്ത്രീയുടെ ബന്ധുക്കളും നിരീക്ഷണത്തിലുണ്ട്. രോഗം വായുവിലൂടെ പകരില്ലെന്നും രോഗം ബാധിച്ചവരുടെ രക്തത്തില്‍ നിന്നും രക്താംശത്തില്‍ നിന്നുമാണ് പകരുന്നതെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ ( സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സി.സി. എച്ച്. എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു. ആര്‍. എന്‍.എ. വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. ഇതിന്റെ ലാര്‍വ മുയല്‍, കോഴി തുടങ്ങിയ ചെറുമൃഗങ്ങളിലാണ് കാണുന്നത്. എന്നാല്‍ ചെള്ള് വളര്‍ച്ചയെത്തിയാല്‍ വലിയ മൃഗങ്ങളിലേക്ക് ചേക്കേറും.

രോഗം പിടിപെടുന്ന പത്തില്‍ നാലുപേര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. കന്നുകാലികളിലും ആടുകളിലുമാണ് രോഗകാരണമായ വൈറസുകള്‍ പെരുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. എഴുപത്തിയഞ്ച് ശതമാനം പേരിലും ഇത് തലച്ചോറിനെ ബാധിക്കും. ഇങ്ങനെ ബാധിച്ചുകഴിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനകം മസ്തിഷ്‌കാഘാതം സംഭവിക്കുമെന്നും അരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പത്തുദിവസം കൊണ്ട് സുഖം പ്രാപിക്കാനുള്ള സാധ്യതയും ഉണ്ട്.

രോഗം ഗുരുതരമായാല്‍ രണ്ടാം ആഴ്ച മുതല്‍ മൂത്രത്തില്‍ രക്താംശം, മൂക്കില്‍ നിന്ന് രക്തം വരിക, ഛര്‍ദില്‍ തുടങ്ങിയവ കണ്ടുതുടങ്ങും. ക്രമേണ കരളിനെയും വൃക്കകളെയും രോഗം ബാധിക്കും. ശരീരത്തില്‍ ചിക്കന്‍ പോക്‌സിന് സമാനമായ പാടുകള്‍ കണ്ടുതുടങ്ങും. ഇതാണ് അത്യാഹിതത്തില്‍ കലാശിക്കുന്നതും.
രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ രോഗം നിയന്ത്രിക്കാനാവും. പരിചരിക്കുന്നവര്‍ അടക്കമുള്ളവര്‍ ഗ്ലൗസും മാസ്‌കും അടക്കമുള്ളവ ധരിക്കണമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും അറവുമാടുകളെ പരിശോധനകള്‍ക്കുശേഷമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാവൂ എന്നും ജാഗ്രതാ നിര്‍ദേശം ഉണ്ട്. മൃഗങ്ങളിലെ ചെള്ള് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലും രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.